‘തട്ടിപ്പ് കേസിലെ പ്രതിയുമായി വഴിവിട്ട ബന്ധം’; വി.മുരളീധരനെതിരെ ബിജെപിയില്‍ പടയൊരുക്കം

Jaihind News Bureau
Saturday, June 27, 2020

 

കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വഴിവിട്ട ബന്ധങ്ങളെച്ചൊല്ലി സംസ്ഥാന ബിജെപിക്കുള്ളില്‍ പോര്. കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്  മുരളീധരനെതിരെ രൂക്ഷവിമർശനം ഉയര്‍ന്നത്.  ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ മന്ത്രിയുടെ ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്ന് യോഗത്തില്‍ പി.കെ കൃഷ്ണദാസ് പക്ഷം ആരോപിച്ചു. ഇയാള്‍ ഓഫീസ് സ്റ്റാഫിനെപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കൾ തുറന്നടിച്ചു. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വൻ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ നടക്കുന്നു എന്നും ആരോപണം ഉയരുന്നുണ്ട്.

അതേസമയം കോഴിക്കോട് സ്വദേശി അരുണ്‍ പി രവീന്ദ്രനാണ് ഡി​.ആ​ർ.​ഡി.​ഒ ശാസ്ത്രജ്ഞനെന്ന പേരില്‍ തട്ടിപ്പ് നടത്തിയത്.  അരുൺ നടത്തിയ സാമ്പത്തിക തട്ടിപ്പുകൾക്ക് ഉൾപ്പെടെ വി മുരളീധരന്‍റെ  സഹായം ഉണ്ടായതായും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് നേതാക്കളുടെ ഇപ്പോഴുണ്ടായ പ്രതികരണം.

പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്‍ എന്ന വ്യാജേനയായിരുന്നു അരുണ്‍ പി രവീന്ദ്രന്‍റെ  തട്ടിപ്പുകള്‍. മുരളീധരൻ വഴി ബിജെപി കേന്ദ്ര നേതാക്കളുമായും  ഇയാൾ ബന്ധങ്ങൾ ഉണ്ടാക്കിയിരുന്നു. ആ​ർ.എ​സ്.എ​സി​ന്‍റെ ജ​ൻ​ഡേ​വാ​ല​യി​ലെ കേ​ന്ദ്ര ഓ​ഫീ​സി​ലും മ​ല​യാ​ളി​ക​ളാ​യ ബി​.ജെ.​പി നേ​താ​ക്ക​ളു​ടെ​യും വ​സ​തി​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഇയാള്‍ സ്ഥിരം സന്ദർശിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പിന് പുറമെ രാജ്യ സുരക്ഷക്ക് വരെ ഭീക്ഷണിയായ കേസിലും അരുൺ പി രവീന്ദ്രൻ പ്രതിയാണ് . കേന്ദ്ര സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉൾപ്പെടെ വാഗ്ദാനം ചെയ്തും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

കോ​ഴി​ക്കോ​ട് തി​രു​വമ്പാ​ടി സ്വ​ദേ​ശിയായ അരുണിനെ ദിവസങ്ങള്‍ക്കു മുന്‍പ് കോ​ഴി​ക്കോ​ട് ന​രി​ക്കു​നി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിരോധ സ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിന്‍റെ സൂചന ലഭിച്ചതോടെ ഇയാളെ ഇന്‍റലിജന്‍സ് ബ്യൂ​റോ​യ്ക്ക് കൈ​മാ​റി. ഐ.ബിയുടെ ചോദ്യംചെയ്യലില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നു. ഇതിനെ തുടർന്നാണ് ദേശീയ അന്വേഷണ ഏജന്‍സി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.