വ്യോമാക്രമണം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് ഝാര്‍ഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍; സൈന്യത്തെ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി

Jaihind Webdesk
Tuesday, March 5, 2019

പാകിസ്ഥാനെതിരായ വ്യോമാക്രമണത്തെ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ തുടരുന്നു. ഇപ്പോള്‍ ബി.ജെ.പി ഝാര്‍ഗണ്ഡ് അധ്യക്ഷന്‍ ലക്ഷ്മന്‍ ഗിലുവയാണ് ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണം ബി.ജെ.പിക്ക് അനുകൂല രാഷ്ട്രീയ സാഹചര്യം ഒരുക്കിയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 സീറ്റുകളും ഇതുവഴി ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

‘ഝാര്‍ഖണ്ഡിലെ 14 പാര്‍ലമെന്റ് സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്നാണ് സര്‍വ്വേകള്‍ തെളിയിക്കുന്നത്. അതുകൂടാതെ പുല്‍വാമയില്‍ സൈനികര്‍ക്കുനേരെ ആക്രമണമുണ്ടായി 12 ദിവസത്തിനുശേഷം പാകിസ്ഥാന്‍ തീവ്രവാദികളെ ഉന്‍മൂലനം ചെയ്തിരിക്കുകയാണ്’ ലക്ഷ്മണ്‍ ഗിലുവ പറയുന്നു.

കര്‍ണാടക ബി.ജെ.പി നേതാവ് യദിയൂരപ്പയും ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്തത് വന്‍ വിവാദമായിരുന്നു. സൈനിക നടപടിയെ രാഷ്ട്രീയ ആയുധമാക്കരുതെന്ന് പറയുന്ന ഭരണകക്ഷി നേതാക്കള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഇതിനെക്കുറിച്ച് രാഷ്ട്രീയ പ്രസ്ഥാവനകള്‍ നടത്തിയിട്ടുള്ളതെന്നതാണ് വിരോധാഭാസമായി തുടരുന്നത്.