ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയ ബിജെപി നേതാവ് ഉള്‍പ്പെടെ 8 പേർ അറസ്റ്റില്‍. വഡോദരയിലെ ഒരു വാർഡ് പ്രസിഡന്‍റും മറ്റ് ഏഴ് പേരുമാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
വഡോദരയിലെ തുൾസിവാദ് മേഖലയിലെ ബിജെപി പ്രാദേശിക നേതാവ് അനിൽ പർമറിന്‍റെ പിറന്നാൾ ആഘോഷമാണ് വിവാദമായത്. തുളസിവാദിലെ 7-ആം വാർഡ് ബിജെപി പ്രസിഡന്‍റായ അനിൽ പർമാർ. ഇദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു പിറന്നാളാഘോഷം. ആഘോഷത്തില്‍ പങ്കെടുത്തവർ ഇതിന് ശേഷം വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ വൈറലായി.
കേക്ക് കഴിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുമ്പോൾ പരസ്പരം അടുത്ത് നിൽക്കുന്നതായി ഇവർ പങ്കുവെച്ച വീഡിയോകളിലും ഫോട്ടോകളിലും കാണാം. ഇതുവരെ എട്ട് പേരെ തിരിച്ചറിഞ്ഞുവെന്നും ബാക്കിയുള്ളവർക്കായി തെരച്ചില്‍ തുടരുകയാണെന്നും കരേലിബാഗ് പോലീസ് ഇൻസ്പെക്ടർ ആർഎ ജഡേജ പറഞ്ഞു. ലോക്ക്ഡൗൺ / കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം എല്ലാവരേയും വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മനീഷ് പർമർ, നകുൽ പർമർ, ദക്ഷേഷ് പർമർ, മെഹുൽ സോളങ്കി, ചന്ദ്രകാന്ത് ബ്രഹ്മ്രെ, രാകേഷ് പർമർ, ധവാൽ പർമർ എന്നിവരാണ് അനിൽ പർമാറിനെ കൂടാതെ നിലവില്‍ എഫ്‌ഐആറിൽ പേരുള്ള 7 പേർ.
ഇവർക്കെതിരെ ഐപിസി സെക്ഷന്‍ 269, 270, 188 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.