പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കരുത്; വികാരം വൃണപ്പെടുന്നുവെന്ന് ബി.ജെ.പി

Jaihind Webdesk
Sunday, September 15, 2019

മധ്യപ്രദേശില്‍ ബി.ജെ.പി പുതിയ ആവശ്യവുമായി രംഗത്ത്. ആദിവാസി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം ഉറപ്പാക്കുന്നതിന് വേണ്ടി പാലും മുട്ടയും കോഴിയിറച്ചിയും വിതരണം ചെയ്യുന്നതിനായി സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതാണ് ഹൈന്ദവ വികാരം വൃണപ്പെടുന്നുവെന്നും വില്‍പ്പന നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. പശുവിന്‍ പാലിന് പ്രത്യേകതയുണ്ടെന്നും അതിനാല്‍ കോഴിയിറച്ചിയുടെ കൂടെ വില്‍ക്കരുതെന്നുമാണ് ഇവരുടെ വാദം. പാല്‍ വിശുദ്ധിയുടെ അടയാളമാണെന്നും കോഴിയും മുട്ടയും പാലും ഒന്നിച്ച് വില്‍ക്കുന്ന പരിപാടി ദുര്‍ഗാ പൂജക്ക് മുമ്പ് നിര്‍ത്തലാക്കണമെന്നാണ് ബി.ജെ.പി പറയുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന് ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ അയച്ച കത്തിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് മധ്യപ്രദേശില്‍ ഇത്തരം പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. കോഴിയിറച്ചിയും പാലും വ്യത്യസ്ത ഫ്രീസറുകളിലാണ് സൂക്ഷിക്കുന്നതെന്നും അധികൃതര്‍ വിശദീകരണം നല്‍കി.