ആദിവാസികള്‍ക്കും വിശാലമായ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം; കാടുകളില്‍ തന്നെ തളച്ചിടാനാണ് ബിജെപി ശ്രമം: രാഹുല്‍ ഗാന്ധി

 

അസം: രാജ്യത്തെ ആദിവാസികളെ മുഴുവൻ കാടുകളില്‍ തന്നെ തളച്ചിടാനാണ് ബിജെപി സർക്കാർ ശ്രമമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ തന്‍റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

ആദ്യത്തെ താമസക്കാരാണ് നിങ്ങൾ. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളെ ആദിമവാസികൾ അഥവാ ആദിവാസി എന്ന് വിളിക്കുന്നത്. എന്നാൽ ബിജെപിയുടെ അഭിസംബോധന നേരെ തിരിച്ചാണ്. അവർ നിങ്ങളെ അഭിസംബോധന ചെയ്യുന്നത് വനവാസി എന്നാണ്. വനങ്ങളിൽ താമസിക്കുന്നവർ എന്നാണ് അവർ അതുകൊണ്ട് അർത്ഥമാക്കുന്നത്. അസമിലൂടെയുള്ള ഭാരത് ജോഡോ ന്യായ് യാത്രയുടെ ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ആദിവാസികളെ വനങ്ങളിൽ ഒതുക്കാനും അവരുടെ കുട്ടികൾക്ക് സ്‌കൂളുകളിലും സർവകലാശാലകളിലും പോകാനും ഇംഗ്ലീഷ് പഠിക്കാനും ബിസിനസ് നടത്താനുമുള്ള അവസരങ്ങൾ ഇല്ലാതാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. നിങ്ങൾക്കുള്ളതെല്ലാം നിങ്ങൾക്ക് തിരികെ തരാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും അതാണ് ഞങ്ങളുടെ ആഗ്രഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ന് രാവിലെ അസമിലെ നിമിധിഘട്ടിൽ നിന്നും ആരംഭിച്ച യാത്ര മുജ്ലി ജില്ലയിലൂടെയാണ് പര്യടനം തുടർന്നത്. ഇന്ന് യാത്ര 112 കിലോമീറ്റർ സഞ്ചരിച്ചു. അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസമിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര നടത്തി എന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാൽ യാത്രയെ തടസപ്പെടുത്താനാണ് സർക്കാർ ശ്രമം എന്നും എന്തൊക്കെ സംഭവിച്ചാലും യാത്രമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് അറിയിച്ചു.

Comments (0)
Add Comment