‘ഭീകരവാദികളുടെ പാർട്ടിയാണ് ബിജെപി, ആൾക്കൂട്ടക്കൊലകള്‍ നടത്തുന്നു’; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

 

ഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. ബിജെപി ഭീകരവാദികളുടെ പാർട്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെ അർബൻ നക്‌സൽ പാർട്ടിയെന്ന് അധിക്ഷേപിച്ചതിന് മറുപടിയായാണ് ഖാർഗെയുടെ പ്രതികരണം. മോദിയുടെ ആരോപണത്തെ  പാടെ തള്ളിയ ഖാർഗെ, കോൺഗ്രസിനെ എപ്പോഴും അർബൻ നക്‌സൽ പാർട്ടിയായി മുദ്രകുത്താനാണ് മോദി ശ്രമിക്കാറുള്ളതെന്നും അത് അദ്ദേഹത്തിന്‍റെ ശീലമാണെന്നും കുറ്റപ്പെടുത്തി.

‘കോൺഗ്രസിനെ എപ്പോഴും അർബൻ നക്‌സൽ പാർട്ടിയാക്കി മുദ്രകുത്താനാണ് ബിജെപിയും മോദിയും ശ്രമിക്കാറുള്ളത്. കോൺഗ്രസിനെതിരെ അർബൻ നക്‌സൽ പരാമർശം നടത്താൻ അദ്ദേഹത്തിന് ഒരു അവകാശവുമില്ല. പുരോഗമന ചിന്തയുള്ളവരെ അർബൻ നക്‌സൽ എന്ന് വിളിക്കുന്നത് മോദിയുടെ ശീലമാണ്. അദ്ദേഹത്തിന്‍റെ പാർട്ടി തന്നെ ഒരു ഭീകരവാദപാർട്ടിയാണ്. അവർ ആൾക്കൂട്ടക്കൊല നടത്തുന്നു. ആളുകളെ കൂട്ടം ചേർന്ന് മർദിക്കുന്നു. പട്ടിക ജാതിയിലും വിഭാഗത്തിലും പെടുന്നവരുടെ വായിൽ മൂത്രമൊഴിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ചെയ്യുന്നവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ശേഷം അവർ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ ശ്രമിക്കും. അദ്ദേഹത്തിന്‍റെ സർക്കാർ അവിടെ ഉള്ളപ്പോഴാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. ആദ്യം ഇത്തരം ആക്രമണങ്ങളെ തടയുകയാണ് വേണ്ടത്. ഇത് മോദിയുടെ സർക്കാരാണ് അവർക്ക് എന്തേ ഇത്തരം ആക്രമണങ്ങളെ തടയാൻ കഴിയുന്നില്ലേ?’ ഖാർഗെ ചോദിച്ചു.

കോൺഗ്രസിനെതിരെ രണ്ടു തവണയായി മോദി അർബൻ നക്‌സൽ പരാമർശം നടത്തിയിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് മഹാരാഷ്ട്രയിൽ തിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു ആദ്യ പരാമർശം. കോൺഗ്രസിനെ നയിക്കുന്നത് ഒരുസംഘം അർബൻ നക്‌സലുകളാണെന്നും പാർട്ടിയുടെ അപകടകരമായ അജണ്ടയെ ഉന്മൂലനം ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഒക്ടോബർ ഒമ്പതിനും സമാനതരത്തിലാണ് മോദി കോൺഗ്രസിനെ വിമർശിച്ചത്. മോദിയുടെ ഈ പരാമര്‍ശങ്ങള്‍ക്കെല്ലാം മറുപടി ആയാണ് ഖാര്‍ഗെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്.

Comments (0)
Add Comment