വയനാട് നിന്ന് ജയിച്ചതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ മനോനില തന്നെ മാറിയെന്ന് എന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. മണ്ഡലം അമേഠിയായിരുന്നപ്പോള്‍ ഇതായിരുന്നില്ല സ്വഭാവമെന്നും വയനാടിനെ പ്രതിനിധീകരിച്ചതോടെയാണ് മാറ്റമെന്നും മന്ത്രി വിശദീകരിച്ചു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കേന്ദ്ര മന്ത്രിയുടെ വിവാദ പ്രസ്താവന. അതേസമയം രാജ്യത്തെ ഒരു ലോക്‌സഭ മണ്ഡലത്തെക്കുറിച്ച് എന്തുകൊണ്ട് ഇത്തരത്തില്‍ പറഞ്ഞു എന്ന ചോദ്യത്തിന് വിശദീകരണം നല്‍കാന്‍ മന്ത്രി തയ്യാറായതുമില്ല.
ജമ്മുകശ്മീർ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ വളച്ചൊടിച്ച് പ്രകാശ് ജാവദേക്കര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീർ അശാന്തമാണെന്ന് കഴിഞ്ഞയാഴ്ച രാഹുൽഗാന്ധി പ്രതികരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിൽ നൽകിയ പരാതിയിൽ പാകിസ്ഥാൻ രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്ഥാവനയെക്കുറിച്ചു പ്രതിപാദിച്ചിരുന്നു. ഇത് ഉയർത്തിക്കാട്ടി പ്രകാശ് ജാവദേക്കർ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പിന്നാലെ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് രാഹുൽ ഗാന്ധി തന്നെ രംഗത്ത് വന്നിരുന്നു. നിരവധി കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനോട് തനിക്ക് വിയോജിപ്പുണ്ട്. പക്ഷേ, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്, അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യത്തിനോ ഇടപെടാൻ അധികാരമില്ലെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിലെ അക്രമങ്ങളുടേയും അതുപോലെ ലോകമെമ്പാടുമുള്ള ഭീകരതയുടെയും പ്രധാന പിന്തുണക്കാർ പാകിസ്ഥാൻ ആണെന്നും രാഹുൽ ട്വിറ്ററിലൂടെ തന്നെ വിമർശിച്ചിരുന്നു.
https://youtu.be/fr7ZXPIh4nQ