ശബരിമല വിഷയത്തില്‍ അക്രമരാഷ്ട്രീയ പാത സ്വീകരിച്ചതും അനാവശ്യ ഹര്‍ത്താലുകള്‍ നടത്തി പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരായ ബി.ജെ.പി സംസ്ഥാന നേതൃത്വം പൊട്ടിത്തെറിയുടെ വക്കിലാണിപ്പോള്‍. കഴിഞ്ഞദിവസം നടത്തിയ ഹര്‍ത്താല്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. ഹര്‍ത്താലിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയതും ഇതിനെതിരായി പി.എസ് ശ്രീധരന്‍ പിള്ള ഹര്‍ത്താലിനെ ന്യായീകരിച്ച് രംഗത്ത് വന്നതും ഭിന്നതയുടെ പര്യായമാണ്.
യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണ് ബി.ജെ.പി സംസ്ഥാനനേതൃത്വം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ആത്മഹത്യ ചെയ്ത ആളെ ബലിദാനിയാക്കി ആഘോഷിക്കാനായിരുന്നു ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്‍റെ തയാറെടുപ്പ്. എന്നാല്‍ ആത്മഹത്യ ചെയ്തയാളുടെ മരണമൊഴി പുറത്തുവന്നതോടെ ബി.ജെ.പി നേതാക്കള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് സമ്മാനിച്ചത്. ഇത് സുവര്‍ണാവസരം ആണോ എന്നാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെ മുനയുള്ള വാക്കുകളുമായി ചില നേതാക്കള്‍ പരസ്യമായും രഹസ്യമായും പ്രതികരിക്കുന്നത്. ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റിയതോടെ പാര്‍ട്ടിയുടെ സമരപരിപാടികള്‍ പരാജയമായെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തലുമായി രംഗത്തുണ്ട്.
ഇപ്പോള്‍ സെക്രട്ടറിയേറ്റ് നടയില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പദ്മനാഭന്‍ നടത്തുന്ന ഹര്‍ത്താല്‍ തുടരണമോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. ജയില്‍മോചിതനായ കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ശക്തമായ ലോബി തന്നെ ഔദ്യോഗികനേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് ബി.ജെ.പിക്ക് അകത്തുനിന്നും വരുന്ന വാര്‍ത്തകള്‍.
ചുരുക്കിപ്പറഞ്ഞാല്‍, പാര്‍ട്ടിയുടെ സമരരീതി ഇങ്ങനെ മുന്നോട്ടുപോയാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതുവരെ പാര്‍ട്ടിക്ക് ലഭിച്ച വോട്ടിംഗ് ശതമാനം പോലും ഗണ്യമായി കുറയുമെന്നാണ് ബി.ജെ.പിയിലെ പണ്ഡിതന്മാരുടെ പ്രവചനം.