മരണവീടിന്റെ മ്ലാനതയില്‍ ബി.ജെ.പി ആസ്ഥാനം; തകര്‍ച്ചയെ വിശ്വസിക്കാനാകാതെ നേതാക്കള്‍

ന്യൂഡല്‍ഹി: ഇന്നലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി.ജെ.പിയുടെ കേന്ദ്ര ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. വീടിന് പിന്നിലായി മാധ്യമങ്ങള്‍ക്കായി പ്രത്യേകം കെട്ടിയൊരുക്കിയ പന്തല്‍. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ഇടമുറിയാതെ കൊടുത്തുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകം ഒരുക്കിയ ഭക്ഷണശാല. എന്നാല്‍, ഓരോ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴും തല്‍സമയ സംപ്രേഷണത്തിനും പ്രതികരണത്തിനും നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ വരാറുള്ള ബി.ജെ.പി ആസ്ഥാനത്ത് ഏതാനും ചില മാധ്യമപ്രവര്‍ത്തകര്‍ മാത്രം.

സംബിത് പത്രയുള്‍പ്പെടെയുള്ള ബി.ജെ.പി വക്താക്കള്‍ ഇടക്കിടെ പുറത്തുവരുന്നുണ്ടെങ്കിലും ചുറ്റിനും കൂടാതെ മാധ്യമപ്രവര്‍ത്തകര്‍. അങ്ങേയറ്റം ഖിന്നരായാണ് ബി.ജെ.പി നേതാക്കള്‍ കാണപ്പെട്ടത്. മധ്യപ്രദേശിലും രാജസ്ഥാനിലും എന്ത് സംഭവിച്ചുവെന്ന് ചോദിച്ചപ്പോള്‍ ഉത്തരം മൗനം മാത്രം. എന്തെങ്കിലും പ്രതികരിക്കാന്‍ തയ്യാറായത് വൈകുന്നേരത്തോടെ മാത്രം.

അപ്പോള്‍ ഛത്തിസ്ഗഢിലെന്താണ് പറ്റിയതെന്ന് ചോദിച്ചു. ഛത്തിസ്ഗഢിലെ പരാജയം അപ്രതീക്ഷിതമാണെന്നായിരുന്നു മറുപടി. അമിത് ഷാ വരുമോ എന്ന് ചോദിച്ചപ്പോള്‍ വൈകീട്ട് വന്നേക്കാം എന്ന് വിഷാദത്തില്‍ ചാലിച്ച മറുപടി. എന്നാല്‍ പോയിവരാം എന്നുപറഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാതെ പോകരുത് എന്നായി. വോട്ടെണ്ണല്‍ നാളിന് പ്രത്യേകം ഒരുക്കിയ ഭക്ഷണശാലയില്‍ തിക്കും തിരക്കുമില്ല. ആരും ഭക്ഷണം കഴിക്കാനുള്ള താല്‍പര്യത്തിലല്ല. ശരിക്കും മരണവീട്ടിലെ പ്രതീതി.

Comments (0)
Add Comment