ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന് വേണ്ടി ഫേസ്ബുക്കിന് പിന്നാലെ വാട്‌സ് ആപ്പും ബി.ജെ.പി കൈപ്പിടിയിലാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. അസം ബി.ജെ.പി നേതാവിന്‍റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചെന്ന ടൈം മാഗസിന്‍ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
‘ബി.ജെ.പി-വാട്‌സ്ആപ്പ് ബന്ധത്തെപ്പറ്റി അമേരിക്കയുടെ ടൈം മാഗസിന്‍ വെളിപ്പെടുത്തുന്നു. മോദി സര്‍ക്കാരിന്‍റെ ഇടപാടുകള്‍ നടത്താന്‍ ഇനി വാട്‌സ്ആപ്പും. 40 കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതാണിത്. അതിനാല്‍ വാട്‌സ് ആപ്പും ബി.ജെ.പി കൈപ്പിടിയിലാക്കും’- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അസം ബി.ജെ.പി എം.എല്‍.എ ശിലാദിത്യദേവിനെ ഫേസ്ബുക്ക് സംരക്ഷിച്ചെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ബി.ജെ.പി താത്പര്യങ്ങള്‍ക്ക് അനുകൂലമായി ഫേസ്ബുക്ക് നിലകൊള്ളുന്നുവെന്ന വെളിപ്പെടുത്തലുള്ളത്.
അസമില്‍ ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയായ മുസ്‌ലിം സമുദായത്തില്‍ പെട്ടയാളെക്കുറിച്ചാണ് ശിലാദിത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘നമ്മുടെ അമ്മ-പെങ്ങന്മാരെ ബംഗ്ലാദേശി മുസ്‌ലീങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് ഇങ്ങനെയാണ്’- വർഗീയത ആളിക്കത്തിക്കുന്ന രീതിയിലായിരുന്നു ശിലാദിത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് വളരെപ്പെട്ടെന്ന് നിരവധിപേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. വിദ്വേഷ പോസ്റ്റ് നീക്കം ചെയ്തെന്ന് ഫേസ്ബുക്ക് പറഞ്ഞെങ്കിലും ഒരു വർഷത്തോളം ഇത് ചെയ്തിട്ടില്ലെന്ന് ടൈം മാഗസിന്‍ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
നേരത്തേ അന്താരാഷ്ട്ര നിരീക്ഷക ഗ്രൂപ്പായ ആവാസിലെ മുതിര്‍ന്ന അംഗം അല്‍ഫാബിയ സൊയാബ് 2019 ല്‍ ഫേസ്ബുക്ക് ഇന്ത്യ ജീവനക്കാരുമായി ഒരു വീഡിയോ ചാറ്റ് നടത്തിയിരുന്നു. വിദ്വേഷ പ്രസംഗ ചട്ടങ്ങള്‍ ലംഘിച്ച 180 ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ നീണ്ട ഈ ചര്‍ച്ച പകുതിയായപ്പോള്‍ മുതിര്‍ന്ന ഫേസ്ബുക്ക് ഉദ്യോഗസ്ഥനായ ശിവ്‌നാഥ് തുക്രാല്‍ ഇറങ്ങിപ്പോയി. കേന്ദ്രസര്‍ക്കാരിന് വേണ്ടി ലോബിയിംഗ് നടത്തലാണ് അദ്ദേഹത്തിന്‍റെ പ്രധാന ജോലിയെന്നാണ് ഫേസ്ബുക്കിലെ മുന്‍ ജീവനക്കാര്‍ വ്യക്തമാക്കുന്നതായും ടൈം മാഗസിന്‍ റിപ്പോർട്ട് ചെയ്യുന്നു.
വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന്‍റെ പേരില്‍ ശിലാദിത്യ ദേവിന്‍റെ പേരില്‍ അസമില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസംഗം നീക്കം ചെയ്യാത്തത് തങ്ങളുടെ വീഴ്ചയാണെന്നും ഫേസ്ബുക്ക് അറിയിച്ചു. വാട്സ്ആപ്പിലൂടെയും ബി.ജെ.പി അജണ്ട നടപ്പാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കുന്നത്.