തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലും സംസ്ഥാനമൊട്ടാകെ പ്രചാരണയാത്ര സംഘടിപ്പിക്കാന്‍ ഇനിയും ബി.ജെ.പിയില്‍ തീരുമാനമായില്ല. പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ ഗ്രൂപ്പ് വഴക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രചാരണയാത്ര സംഘടിപ്പിക്കുന്നതില്‍ നിന്ന് ബി.ജെ.പി പിന്നോട്ടു പോയിട്ടുള്ളത്. ഇതുസംബന്ധിച്ച് എന്‍.ഡി.എ സംസ്ഥാന ഘടകത്തിലും അതൃപ്തിയുണ്ട്. തെരെഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനത്ത് ആര്‍.എസ്.എസിന് ചുമതല നല്‍കിയിരിക്കുന്നതിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ട്. ഇതിനിടെ ശബരിമല വിഷയം മുന്‍നിര്‍ത്തി പ്രചാരണം കൊഴുപ്പിച്ച് ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പരമാവധി വോട്ട് നേടാനാണ് സംസ്ഥാനത്തെ ആര്‍.എസ്.എസ് – സംഘപരിവാര്‍ നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്.
തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനമൊട്ടാകെയുള്ള യാത്ര സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ നടത്തിയാല്‍ സഹകരിക്കില്ലെന്ന നിലപാടാണ് മുരളീധരപക്ഷത്തിനുള്ളത്. കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരമടക്കമുള്ള മേഖലകളില്‍ മുരളീധര വിഭാഗത്തിനുള്ള അപ്രമാദിത്വത്തെ പിള്ളയും ഭയക്കുന്നുണ്ട്. ശ്രീധരന്‍ പിള്ളയ്ക്ക് കൈയയച്ച് സഹായം നല്‍കാന്‍ കൃഷ്ണദാസ് പക്ഷവും ഒരുക്കമല്ല. തങ്ങളെ ഏറെ സഹായിച്ചിട്ടുണ്ടെങ്കിലും പിള്ളയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പാര്‍ട്ടി വേരുറപ്പിച്ചാല്‍ തങ്ങളുടെ പ്രസക്തി നഷ്ടമാകുമെന്ന് കൃഷ്ണദാസ് പക്ഷവും ഭയക്കുന്നു. ഇരുപക്ഷത്തേയും വെല്ലുവിളിച്ച് യാത്ര വിജയിപ്പിക്കാനുള്ള സംഘടനാശേഷി ശ്രീധരന്‍ പിള്ളയ്ക്കില്ലെന്നതാണ് വസ്തുത. അതിനാല്‍ തന്നെ പ്രചാരണയാത്രയുടെ കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം അന്തിമ തീരുമാനതത്തില്‍ എത്തിയിട്ടില്ല. ബി.ജെ.പി സംസ്ഥാന വ്യാപകമായി യാത്ര നടത്താത്തതില്‍ എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. ഇക്കാര്യങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ യോഗം വിളിക്കാനും ബി.ജെ.പി ഇതുവരെ തയ്യാറായിട്ടില്ല.
സംസ്ഥാനത്തെ തെരെഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ആര്‍.എസ്.എസും സംഘപരിവാറും ശബരിമല വിഷയം മാത്രമാണ് തെരെഞ്ഞെടുപ്പു രംഗത്ത് പ്രതിഫലിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി മന്ത്രിസഥാനമടക്കം നല്‍കിയെങ്കിലും വേണ്ട രീതിയില്‍ ഗുണം ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടിയിലെ അടക്കംപറച്ചില്‍. നിര്‍ണ്ണായക സീറ്റുകളില്‍എ ഘടകകക്ഷികള്‍ കണ്ണുവെച്ചിട്ടുള്ളതും ബി.ജെ.പി നേതാക്കളെ അസ്വസ്ഥരാക്കുന്നു. ഇതിനു പുറമേ
തെരെഞ്ഞെടുപ്പു രംഗത്തുള്ള ആര്‍.എസ്.എസിന്റെ അപ്രമാദിത്വവും ബി.ജെ.പിക്കുള്ളില്‍ വലിയ ഭിന്നതകള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്.
ഗ്രൂപ്പ് പോരില്‍ വലഞ്ഞ പാര്‍ട്ടിയെ ചലിപ്പിക്കാനാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ആര്‍.എസ്.എസ് -സംഘപരിവാര്‍ നേതാവായ കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷപദവിയിലെത്തിച്ചത്. എന്നാല്‍ ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ ഗവര്‍ണറാക്കിയിരുന്നു. ഗ്രൂപ്പു പോരില്‍ മനംമടുത്താണ് കുമ്മനം പാര്‍ട്ടി അധ്യക്ഷ പദവി ഉപേക്ഷിക്കാന്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനു ശേഷം മാസങ്ങള്‍ നീണ്ട് അനശ്ചിതത്വത്തിനൊടുവിലാണ് പി.എസ് ശ്രീധരന്‍ പിള്ള പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാവുന്നത്. ഗ്രൂപ്പുകളെ നിലയ്ക്ക് നിര്‍ത്തണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് ശ്രീധരന്‍ പിള്ള അധ്യക്ഷപദവിയില്‍ കേന്ദ്രനേതൃതവം അവരോധിച്ചത്. എന്നാല്‍ തന്റെ എക്കാലത്തെയും ശത്രുപക്ഷത്തുള്ള വി.മുരളീധരനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ശ്രീധരന്‍ പിള്ള നടത്തിയതോടെ മുരളീധരപക്ഷം സംസ്ഥാന അധ്യക്ഷനെ തഴയുകയായിരുന്നു. കൃഷ്ണദാസ് പക്ഷത്തോട് ഏറെ അനുഭാവം പുലര്‍ത്തിയ ശ്രീധരന്‍ പിള്ള ഫലത്തില്‍ കൃഷ്ണദാസ് പക്ഷക്കാരനെന്ന ലേബല്‍ സമ്പാദിക്കുകയും ചെയ്തു.
ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി നിലപാടുകള്‍ മാറ്റിപ്പറഞ്ഞ പിള്ളയും സംസ്ഥാന രാഷ്ട്രീയരംഗത്ത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ശബരിമല ബി.ജെ.പിക്ക് ഒരു സുവര്‍ണ്ണാവസരമാണെന്ന് പറഞ്ഞ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പിള്ളയുടെ യുവമോര്‍ച്ച യോഗത്തിലെ പ്രസംഗം മുരളീധരപക്ഷം ചോര്‍ത്തി പുറത്തു നല്‍കുകയായിരുന്നുവെന്നും ആരോപണമുണ്ട്.