ബിജെപിയില്‍ കലഹം രൂക്ഷം ; പി.കെ കൃഷ്ണദാസിനെ ഒഴിവാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് മുരളീധരപക്ഷം ; പോസ്റ്റർപോര്

Jaihind News Bureau
Tuesday, February 2, 2021

 

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന ബിജെപിക്കുള്ളില്‍ ഭിന്നത രൂക്ഷം. തെരഞ്ഞെടുപ്പിൽ പി.കെ കൃഷ്ണദാസിനെ ഒഴിവാക്കാൻ തന്ത്രങ്ങൾ മെനയുകയാണ് മുരളീധരപക്ഷം. പികെ കൃഷ്ണദാസിനെതിരെ പരോക്ഷ വിമർശനവുമായി പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ബിജെപിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴിവച്ചിരുന്നു. ഇതിനുപിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നതിനിടെയാണ് കൃഷ്ണദാസിനെതിരെ പരോക്ഷ വിമർശനവുമായി മുരളീധര പക്ഷം രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാട്ടാക്കട നിയോജക മണ്ഡലമാണ് പി കെ കൃഷ്ണദാസ് പരിഗണിക്കുന്നത്. കാട്ടാക്കടയിൽ നിന്ന് കൃഷ്ണദാസിനെ ഒഴിവാക്കാനുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് മുരളീധര പക്ഷം. മണ്ഡലത്തില്‍ പലയിടങ്ങളിലും പേരെടുത്ത് വിമർശിക്കാതെ കൃഷ്ണദാസിനെതിരെ ഇതിനോടകം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു . അഞ്ചുവർഷം കൂടുമ്പോൾ എത്തുന്ന ദേശീയ നേതാവിനെ തങ്ങൾക്ക് സ്ഥാനാർത്ഥിയായി വേണ്ട എന്നാണ് പോസ്റ്ററിൽ പറയുന്നത്.

മുൻ സംസ്ഥാന പ്രസിഡന്‍റും  മുരളീധരവിരുദ്ധ പക്ഷക്കാരനുമായ പി കെ കൃഷ്‌ണദാസിനെ നേരത്തെ തെലങ്കാനയുടെ ചുമതലയിൽനിന്ന്‌ ഒഴിവാക്കിയത്‌ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പുപോര്‌ രൂക്ഷമാക്കിയിരുന്നു. അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തുനിന്നും കൃഷ്‌ണദാസിനെ ഒഴിവാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ പി കെ കൃഷ്ണദാസിനെ ഒതുക്കാനുള്ള നീക്കങ്ങളാണ് മുരളീധരപക്ഷം നടത്തുന്നതെന്നാണ് ആക്ഷേപം. ഇതിനിടെ സംസ്ഥാന തലത്തിൽ സിപിഎമ്മിനെ സഹായിക്കാൻ മുരളീധര പക്ഷത്തിന് ആലോചന ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കൂടിയ ബിജെപിയുടെ സംസ്ഥാന തല യോഗത്തിൽ ഈ തീരുമാനത്തെ കൃഷ്ണദാസ് – ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ ശക്തമായി എതിർത്തതിനെ തുടർന്നാണ് മുരളീധരപക്ഷം ഈ തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയത് .

അതേസമയം പി കെ കൃഷ്ണദാസ് പല ജില്ലകളിലും സമാന്തര കമ്മിറ്റികൾ രൂപീകരിക്കുന്നതായും മുരളീധര പക്ഷത്തിന് ആക്ഷേപമുണ്ട്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ നിർണായക ശക്തി ആയ ആർഎസ്എസ് വിഷയത്തിൽ ഇപ്പോഴും മൗനം പാലിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലെ അഭ്യന്തര കലഹം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.