‘ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കില്‍ അന്യഗ്രഹങ്ങളില്‍ പോകാം’: അടൂര്‍ ഗോപാലകൃഷ്ണനെതിരേ ബിജെപി; ഗോപാലകൃഷ്ണന്റെ വിവരക്കേടിന് മറുപടിയില്ലെന്ന് അടൂര്‍

Jaihind Webdesk
Thursday, July 25, 2019

തിരുവനന്തപുരം: രാജ്യത്തു നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രതിഷേധവുമായി ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും, കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അടൂര്‍ ഉള്‍പ്പെടെ 49 സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകരാണ് വര്‍ദ്ധിച്ചുവരുന്ന ജയ് ശ്രീറാം മര്‍ദനങ്ങള്‍ക്ക് എതിരെ മോദിക്ക് കത്തയച്ചത്. രാജ്യത്ത് മുസ്ലിംകള്‍ക്കും ദലിതര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വിവരക്കേടാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നുമായിരുന്നു അടൂരിന്റെ മറുപടി. വിവരക്കേടിന് എന്ത് മറുപടിയാണ് പറയുക? വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ. അവര്‍ക്കൊപ്പം താനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂര്‍ പറഞ്ഞു. ശ്രീരാമനെ ഈ വഷളന്‍മാര്‍ അപമാനിക്കുകയാണ്. മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്റെ പേര് ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറഞ്ഞത്. ബി.ജെ.പിക്കാരുടെ മാത്രം സ്വന്തമല്ല ശ്രീരാമന്‍. എല്ലാജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാന്‍ വയ്യെങ്കില്‍ അങ്ങനെ കണ്ടാല്‍ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.- അടൂര്‍ പ്രതികരിച്ചു.