കുഴല്‍പ്പണ കേസ് ; ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ഗണേഷിനെ ഇന്ന് ചോദ്യം ചെയ്യും

തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. നേരത്തെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹാജരാകാൻ കർശന നിർദേശം നൽകുകയായിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജി. ഗിരീഷിനേയും ഇന്ന് ചോദ്യം ചെയ്തേക്കും.

ബി ജെ പി ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസിൽ പണം കൊണ്ടുപോയ ധർമ്മരാജനെയും ഇയാളുടെ ഡ്രൈവർ ഷംജീറിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തിരുന്നു. ധർമ്മരാജന്‍റെയും ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജു കർത്തയുടെയും മൊഴികളിലെ വൈരുധ്യമാണ് വീണ്ടും ചോദ്യം ചെയ്യാൻ കാരണം.

അതേ സമയം പണവുമായി വന്ന സംഘത്തിന് തൃശൂർ എം.ജി റോഡിലെ നാഷണൽ ടൂറിസ്റ്റ് ഹോമിൽ മുറി എടുത്തത് ബിജെപി ജില്ലാ നേതാക്കളാണെന്ന് വ്യക്തമായി. ഏപ്രിൽ 2 ന് വൈകിട്ട് ഏഴ് മണിയോടെ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് രണ്ട് റൂം ബുക്ക് ചെയ്തു. അന്ന് അർധ രാത്രിയോടെ ധർമരാജൻ, ഷംജീർ, റഷീദ് എന്നിവർ രണ്ട് വാഹനങ്ങളിലായി എത്തി. ഏപ്രിൽ മൂന്നിന് പുലർച്ചെ ഇവർ പോവുകയും ചെയ്തു. തുടർന്നാണ് കൊടകരയിൽ വെച്ച് പണവും കാറും തട്ടിയെടുക്കുന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന് കാണിച്ച് ധർമരാജന്‍റെ ഡ്രൈവർ കൂടിയായ ഷംജീർ പോലീസിൽ പരാതി നൽകുകയും ചെയ്തു.

ഈ സംഘം ഹോട്ടലിൽ താമസിച്ചതിന്‍റെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു. പാർക്കിംഗ് ഏരിയ, റിസപ്ഷൻ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പണം കൊടുത്തു വിട്ട യുവമോർച്ച മുൻ നേതാവ് സുനിൽ നായിക്കിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്ന ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരോട് രണ്ട് ദിവസത്തിനകം ഹാജരാകാൻ അന്വേഷണ സംഘം അന്ത്യശാസനം നൽകുകയായിരുന്നു.

Comments (0)
Add Comment