പത്രിക പിന്‍വലിക്കാന്‍ ബിജെപി നല്‍കിയത് ലക്ഷങ്ങള്‍ ; കർണാടകയിൽ വൈൻ പാർലർ വാഗ്ദാനം : കെ സുന്ദര

Jaihind Webdesk
Saturday, June 5, 2021

കാസര്‍കോട് : ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയതു കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്ന് മ‍ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര വെളിപ്പെടുത്തി.

പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈയിലാണ് കൊടുത്തത്. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദ്ധാനം ചെയ്തെന്നും കെ സുന്ദര പറഞ്ഞു. മഞ്ചേശ്വരത്തെ പ്രതിപക്ഷത്തെ പാർട്ടികളിലെ നേതാക്കൾക്ക് അടക്കം ബിജെപി പണം നൽകിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുന്ദര എത്തിയിരിക്കുന്നത്.

2016ൽ വെറും 89 വോട്ടിനായിരുന്നു കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. അന്ന് മത്സരിച്ച മൂന്നു സ്വതന്ത്രരിൽ ഒരാളായ കെ സുന്ദരയ്ക്ക് ലഭിച്ചത് 467 വോട്ടായിരുന്നു. കെ സുരേന്ദ്രന്‍, കെ സുന്ദര എന്നീ പേരുകൾ തമ്മിലുള്ള സാമ്യം ഇത്രയേറെ തിരിച്ചടിയുണ്ടാക്കുമെന്ന് അപ്പോഴാണ് ബി ജെ പിയ്‌ക്ക് ബോദ്ധ്യമായത്. തുടർന്നാണ് അഞ്ച് വർഷത്തിനിപ്പുറം വീണ്ടും മഞ്ചേശ്വരത്ത് സുന്ദര അപരനായി മത്സരിക്കാനിറങ്ങിയതും നാടകീയമായി പിന്മാറിയതും. ഇത്തവണ 745 വോട്ടുകൾക്കാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.