തിരുവനന്തപുരം പിടിക്കാൻ ബി.ജെ.പി കോടികൾ ഒഴുകുമെന്ന് സൂചന; ഫണ്ട് ചുമതല ആർ.എസ്.എസിനെന്നും വിലയിരുത്തൽ; മൂന്ന് മണ്ഡലങ്ങളിൽ പ്രചാരണം അടിത്തട്ടിൽ

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലം പിടിക്കാൻ ബി.ജെ.പി കോടികൾ ഒഴുക്കുമെന്ന് സൂചന. ഏതുവിധേനയും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കണമെന്ന അന്ത്യശാസം ബി.ജെ.പി ദേശീയ നേതൃത്വം നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി നീക്കങ്ങൾ ഊർജ്ജിതമാക്കുന്നത്. ഇതിനായി ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. നിലവിൽ 20 കോടി ചെലവഴിക്കാനാണ് തീരുമാനമെന്നാണ് വിവരമുള്ളത്. തിരുവനന്തപുരമടക്കം ഒരു മണ്ഡലത്തിലും ജയസാധ്യതയില്ലെന്ന സർവ്വെ റിപ്പോർട്ടുകളും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും ബി.ജെ.പിക്ക് തിരിച്ചടിയായെങ്കിലും പാർട്ടി നേതാക്കളെ ഒഴിവാക്കി ആർ.എസ്.എസിനെ ഉപയോഗിച്ച് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഫണ്ട് വിതരണവും ആർ.എസ്.എസിലൂടെ നടത്തണമെന്നാണ് ആദ്യഘട്ടത്തിൽ ധാരണയായിട്ടുള്ളത്. കഴിഞ്ഞ തെെരഞ്ഞെടുപ്പുകളിലെ ഫണ്ട് വിനിയോഗത്തിലുള്ള വെട്ടിപ്പ് പൂർണ്ണമായും ഇല്ലാതാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്‍റെ പൊതുധാരണയാവും ഇതോടെ നടപ്പിലാവുക. ഇതുകൊണ്ട് തന്നെ ഫണ്ട് വിതരണം ഇതേവരെ ബി.ജെ.പി കാര്യക്ഷമമാക്കിയിട്ടില്ല. എന്നാൽ തങ്ങളെ ഫണ്ട് വിതരണത്തിൽ നിന്നും മാറ്റി നിർത്തിയതിൽ കടുത്ത അതൃപ്തിയാണ് ബി.ജെ.പി ജില്ലാ -പ്രാദേശിക നേതൃത്വങ്ങൾക്കുള്ളത്.

തിരുവനന്തപുരം പിടിക്കാൻ ദ്വിമുഖ തന്ത്രമാണ് ആർ.എസ്.എസും സംഘപരിവാർ സംഘടനകളും ആവിഷ്‌കരിച്ചിട്ടുള്ളത്. ശബരിമല വിഷയം പരസ്യമായി ഉന്നയിക്കാൻ തെരെഞ്ഞെടുപ്പു കമ്മീഷന്‍റെ വിലക്ക് നിലനിൽക്കുന്നതിനാൽ അത് രഹസ്യമായി ഉന്നയിച്ച് സാമുദായിക ധ്രുവീകരണത്തിനുള്ള സാധ്യതയാണ് ഒരു വശത്ത് ആരായുന്നത്. ഇതോടൊപ്പം ന്യൂനപക്ഷശക്തി കേന്ദ്രങ്ങളായ കോവളം, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ വലിയ തോതിലുള്ള പരസ്യ പ്രചാരണം ഒഴിവാക്കി ന്യൂനപക്ഷ ധ്രുവീകരണം തടയാനുള്ള തന്ത്രമാവും പുറത്തെടുക്കുക. അവിടെ നിലവിലുള്ള വോട്ട് നിലനിർത്തുന്നതിനൊപ്പം ഭൂരിപക്ഷ പ്രദേശങ്ങളിൽ പ്രചാരണം കൊഴുപ്പിച്ച് ഹിന്ദു വോട്ടുകൾ ഏകീകരിപ്പിക്കാനുള്ള നീക്കവും ആർ.എസ്.എസ് സജീവമാക്കി കഴിഞ്ഞു. ഇതിനു പുറമേ വാട്‌സാപ്പ് വഴി ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്നതിനുള്ള നുണപ്രചാരണവും ശക്തമാക്കാനാണ് നിർദ്ദേശമുള്ളത്.

പ്രചാരണത്തിന്‍റെ ആദ്യഘട്ടം കഴിഞ്ഞുള്ള വിലയിരുത്തലിൽ കുമ്മനത്തിന്‍റെ സാധ്യത അമ്പത് ശതമാനത്തോളം വർധിച്ചാൽ ഫണ്ട് 20 കോടിയിൽ നിന്ന് വീണ്ടും ഉയർത്താനും കേന്ദ്രനേതൃത്വം തീരുമാനിക്കും. കഴിഞ്ഞ തവണ ബി.ജെ.പി ലീഡ് ചെയ്ത മണ്ഡലങ്ങളായ തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം എന്നിവിടങ്ങളിൽ എന്ത് തന്ത്രമുപയോഗിച്ചും വോട്ടുകൾ സമാഹരിക്കാനാണ് ആർ.എസ്.എസ് തീരുമാനമെടുത്തിട്ടുള്ളത്. വൻതോതിൽ പണമൊഴുക്കി ഇത്തവണ വോട്ട് നേടുന്ന ഏർപ്പാട് പ്രായോഗിക രാഷ്ട്രീയത്തിൽ എളുപ്പമല്ലെന്നും ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ആർ.എസ്.എസിനെ ധരിപ്പിച്ചെങ്കിലും ഇത് മുഖവിലയ്‌ക്കെടുക്കാതെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ തന്നെയാണ് പരിവാർ സംഘടനകളുടെ നീക്കം.

Comments (0)
Add Comment