‘എന്തൊക്കെ അഴിമതികളിലൂടെയാണ് അവർ അധികാരം അട്ടിമറിക്കുന്നെതെന്ന് നോക്കൂ’ : ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ഡി.കെ ശിവകുമാർ

Jaihind News Bureau
Sunday, July 12, 2020

 

ബംഗളുരു : ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും അതുവഴി സർക്കാർ രൂപീകരിക്കാനുമായി അഴിമതിയില്‍ മുങ്ങിയ കാര്യങ്ങളാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ എന്തൊക്കെയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് നോക്കണം. അഴിമതിയില്‍ മുങ്ങിയ പ്രവൃത്തികളിലൂടെയാണ് അവർ ഇത് സാധിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡി.കെ ശിവകുമാർ പറഞ്ഞു.

മതേതര കക്ഷികളെ ഒപ്പം നിർത്താനും ബി.ജെ.പിയെ അകറ്റി നിർത്താനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ബി.ജെ.പിക്ക് കർണാടകയില്‍ മേല്‍ക്കോയ്മ ഇല്ലെന്നും അട്ടിമറിയിലൂടെയാണ് അവർ അധികാരം പിടിച്ചതെന്നും ഡി.കെ പറഞ്ഞു. എതിർ ശബ്ദമുയര്‍ത്തുന്നവരെ കേന്ദ്രത്തിലെ ഭരണസ്വാധീനം ഉപയോഗിച്ച് വേട്ടയാടുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്തെല്ലാം അഴിമതി നിറഞ്ഞ അട്ടിമറിയിലൂടെ ബി.ജെ.പി അധികാരം പിടിച്ചെടുക്കുന്നത് എന്നതിന് കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണങ്ങളാണ്. കേന്ദ്ര സർക്കാരിനും മോദിക്കുമെതിരെ രാഹുല്‍ ഗാന്ധി നിരന്തരം ശബ്ദമുയർത്തുന്നതാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.