ശബരിമല വിഷയം BJP വർഗീയത വളർത്താന്‍ ഉപയോഗിക്കുന്നു: എം.എം ഹസന്‍

Jaihind Webdesk
Monday, November 12, 2018

 

Muraleedharan-Padayathra-2

ശബരിമല പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയുന്നത് കേന്ദ്ര സർക്കാരിനാണെന്നും അതിനാൽ സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നും മുൻ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസൻ. ഓർഡിനൻസ് കൊണ്ടുവരുവാൻ കേന്ദ്ര സർക്കാരിന് മേൽ ബി.ജെ.പി സമ്മർദ്ദം ചെലുത്താൻ തയാറാകാത്തത് വർഗീയത ആളിക്കത്തിക്കാനുള്ള സുവർണാവസരമായി ശബരിമല പ്രശ്നത്തെ കാണുന്നതുകൊണ്ടാണെന്നും എം.എം ഹസൻ പറഞ്ഞു.

ഷബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാനും വിശ്വാസ സംരക്ഷണത്തിനുമായി പാർലമെന്‍റില്‍ നിയമം പാസാക്കിയ രാജീവ് ഗാന്ധി സർക്കാരിന്‍റെ മാതൃക പിന്തുടരാൻ മോദി സർക്കാർ തയാറാകണം. ശബരിമല പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ഉത്തരവാദിത്വമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനാലാന്ന് സാമൂഹ്യ സംഘർഷം രൂക്ഷമാകുന്നത്. ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻ പിള്ള രഥയാത്ര നടത്തേണ്ടത് ഡൽഹിയിലേക്കാണ്. കെ മുരളീധരൻ എം.എൽ.എ നയിക്കുന്ന പദയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം വെഞ്ഞാറമൂട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി.പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി അംഗങ്ങളായ ഇ ഷംസുദീൻ, ബ്ലോക്ക് പ്രസിഡന്‍റ് പുരുഷോത്തമൻ നായർ തുടങ്ങിയവർ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.