തൃശൂര്‍ : കൊടകര കവർച്ചയ്ക്ക് മുൻപ് സേലത്തിനടുത്ത് കൊങ്കണാപുരത്തും ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കവർച്ച ചെയ്യപ്പെട്ടതായി വിവരം. നാലു കോടി നാൽപ്പത് ലക്ഷം രൂപയാണ് കവർന്നത്. കൊടകര കേസിലെ പ്രതികളിൽ ചിലരാണ് ഈ കവർച്ചക്ക് പിന്നിലും പ്രവർത്തിച്ചത്.
കൊടകര കവർച്ചാ കേസിലെ പ്രതികൾ സമാനമായ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചിരുന്നു. 22 പ്രതികളിൽ ചിലർ കുഴൽപ്പണ ഇടപാടുകൾ മുമ്പ് നടത്തിയിരുന്നവരാണ്. ചോദ്യം ചെയ്യലിൽ സേലത്ത് നടന്ന കവർച്ചയുടെ വിവരം ഇവർ വെളിപ്പെടുത്തി. മാർച്ച് ആറിനാണ് ദേശീയ പാതയിൽ സേലത്തിനടുത്ത് കൊങ്കണാപുരത്ത് കാർ തട്ടിയെടുത്ത് പണം കവർന്നത്. ബംഗളുരുവിൽ നിന്നും കൂത്തുപറമ്പ് സ്വദേശിയായ അഷ്റഫ് കൊണ്ടുവന്ന 4 കോടി 40 ലക്ഷം രൂപ തട്ടിയെടുക്കപ്പെട്ടു. പണം എടുത്ത ശേഷം കാർ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട കാർ കണ്ടെത്തിയതിനെ തുടർന്ന് കൊങ്കണാപുരം പൊലീസ് സ്ഥലത്ത് എത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ ഇതുവരെയും ഇതുസംബന്ധിച്ച് ഒരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ല.
കാർ ഉടമയ്ക്ക് നോട്ടീസ് അയച്ചെങ്കിലും മറുപടിയുമില്ല. കൊടകര കേസിലെ പരാതിക്കാരനായ ധർമ്മരാജനുമായി ബന്ധമുള്ളയാളാണ് പണം കൊണ്ടുവന്ന അഷ്റഫ്. സേലത്തെ കവർച്ചയെക്കുറിച്ച് ധർമ്മരാജൻ ബിജെപി നേതൃത്വത്തെയും അറിയിച്ചിരുന്നു. കേസിൽ പരാതിയില്ലാത്തതിനാൽ പൊലീസ് തുടർ നടപടികൾ എടുത്തിട്ടില്ല. അതേസമയം കൊടകര കേസിലെ കുറ്റപത്രത്തിൽ പ്രതികൾ നടത്തിയ ഈ കവർച്ചയുടെ വിവരങ്ങളും അനുബന്ധമായി ചേർത്തിട്ടുണ്ട്.