കേരളത്തില്‍ ബി.ജെ.പി-സിപിഎം ധാരണ: പവന്‍ ഖേര

Jaihind News Bureau
Friday, March 19, 2021

 

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയെന്ന് എ.ഐ.സി.സി വക്താവ് പവന്‍ ഖേര. കഴിഞ്ഞ ദിവസം മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ആര്‍.ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ധാരണയാണ് സൂചിപ്പിക്കുന്നത്. ഇവര്‍ രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയോ, ഇന്ധനവില വര്‍ദ്ധനവിനെതിരെയോ പ്രതികരിക്കാത്തത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും പവന്‍ ഖേര പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാത്തതാണ് ഇന്ധനവില വര്‍ധനവിന് കാരണം. കഴിഞ്ഞ ആറര വര്‍ഷം കൊണ്ട് പെട്രോള്‍, ഡീസല്‍ ഉപഭോക്താക്കളില്‍നിന്നും സര്‍ക്കാര്‍ കൊള്ളയടിച്ചത് 22 ലക്ഷം കോടി രൂപയാണ്. കുത്തക മുതലാളിമാര്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ക്കുവേണ്ടി ശരാശരി മലയാളിയെന്തിന് വോട്ട് നല്‍കണം. ഉയര്‍ന്ന ഇന്ധനവില ഈടാക്കുന്നതിനെതിരെ കേരളത്തിലെ എല്‍.ഡി.എഫോ, സര്‍ക്കാരോ പ്രതിഷേധിക്കുന്നില്ല. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ധനത്തിന്റെ വാറ്റ് നികുതി കുറച്ചതുപോലെ എന്തുകൊണ്ടാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യാത്തത്.

കേരളത്തിലെ ജനങ്ങള്‍ക്കാവശ്യം ഉത്തരവാദിത്തമുള്ള ഭരണമാണ്. അല്ലാതെ സ്വയം സമ്പന്നമാകാനോ, പാര്‍ട്ടിയെ സമ്പന്നമാക്കാനോ അല്ല ചെയ്യേണ്ടത്. ഓരോ കേരളീയര്‍ക്കും വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടത്. അതിന് യു.ഡി.എഫിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പവന്‍ ഖേര പറഞ്ഞു. ദേശീയ വക്താവും മുന്‍ എം.പിയുമായ മധുയാസ്‌കി ഗൗഡും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതയായിരുന്നു.