മാവോയിസ്റ്റ് വേട്ടയിലും സിപിഎമ്മിന് കൈയ്യടിച്ച് ബിജെപി

തിരുവനന്തപുരം: കോണ്‍ഗ്രസിനെ തകർക്കാനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങള്‍ക്കും എന്നും പിന്തുണ കൊടുത്തിരുന്നത് സിപിഎം ആയിരുന്നു. കോണ്‍ഗ്രസ് മുക്തഭാരതത്തിന് വേണ്ടി ഏതറ്റം വരെയും സി.പി.എമ്മിന്‍റെ  നേതൃത്വത്തിലുള്ള ഇടത് പാര്‍ട്ടികള്‍ക്ക് പോകാമെന്ന സിദ്ധാന്തം ആവിഷ്‌ക്കരിച്ചത് സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. 1967 ല്‍ പഞ്ചാബില്‍ സി.പി.എം ജനസംഘുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കിയതൊക്കെ ഇന്നത്തെ സിപിഎം വിഴുങ്ങിയാലും ജനങ്ങള്‍ മറക്കില്ല. ആ  മുന്നണിയുടെ ഏകോപന സമിതി കണ്‍വീനര്‍ സിപിഎം നേതാവ് ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത്തായിരുന്നു.

ഇതേ സിപിഎം ആണ്  കോണ്‍ഗ്രസ്സിനെതിരെ ‘കോലീബി സഖ്യം’ ആരോപിക്കുന്നത്. 1967ല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനെതിരായി ഇടതുപാര്‍ട്ടികളും ജനസംഘവും ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഒത്തുചേര്‍ന്ന് രാജ്യവ്യാപകമായി സംയുക്ത വിധായക് ദള്‍  എന്നൊരു മുന്നണിയുണ്ടാക്കി. ഇതിലെ പ്രധാനകക്ഷി ബി.ജെ.പിയുടെ പഴയ പതിപ്പായ ഭാരതീയ ജനസംഘ് ആയിരുന്നു. അക്കാലത്ത് പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ സംയുക്ത വിധായക് ദളിന് മന്ത്രിസഭകള്‍ രൂപീകരിച്ചിരുന്നു.

എട്ട് മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നൊടുക്കിയപ്പോഴും കോഴിക്കോട്ട് എസ്.എഫ്.ഐക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു.എ.പി.എ ചുമത്തിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണ അര്‍പ്പിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന സമിതി അംഗമായ കെ.കുഞ്ഞിക്കണ്ണന്‍  ജന്മഭൂമിയില്‍ പിണറായിയുടെ നിലപാടുകളെ പ്രകീര്‍ത്തിച്ച് ലേഖനം എഴുതിയിരുന്നു.മാവോവാദി വേട്ടയില്‍ പിണറായി വിജയനാണ് ശരിയെന്നാണ് ലേഖനത്തിലുടനീളം സമര്‍ത്ഥിച്ചിരുന്നത്.

ബി.ജെ.പിയുടെ പ്രശംസയെ തള്ളിക്കളയാനോ, തന്റെ നിലപാട് അതല്ലെന്ന് പറയാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍  ഡീല്‍ ഉണ്ടെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയിരുന്നു.ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള സജീവമായ അന്തര്‍ധാരയിലേക്കാണ്.

 

 

 

 

Comments (0)
Add Comment