ബിജെപിയ്ക്ക് ത്രിപുരയില്‍ കനത്ത തിരിച്ചടി; ബിജെപിയെയും സിപിഎമ്മിനെയും ഞെട്ടിച്ച് 30,000 പേര്‍ കോണ്‍ഗ്രസിലേയ്ക്ക്

Jaihind Webdesk
Sunday, April 21, 2019

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിയ്ക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ 30,000 ത്തോളം പേരാണ് ത്രിപുരയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നുമുള്ള പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

രാജ്യം തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ വേളയില്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നീക്കം സൃഷ്ടിച്ചിരിക്കുന്ന ഞെട്ടല്‍ വളരെ വലുതാണ്. ദേശീയ പൗരത്വ ബില്ലില്‍ തട്ടിയാണ് സഖ്യകക്ഷികളുടെയും പ്രധാന നേതാക്കളുടെയും കൊഴിഞ്ഞുപോക്കെന്നാണ് റിപ്പോര്‍ട്ട് തന്നെ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറി കഴിഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 വര്‍ഷത്തെ സിപിഎം ഭരണത്തെ മറിച്ചിട്ട ബിജെപിയ്ക്ക് കോണ്‍ഗ്രസിന്‍റെ മാറിയ പ്രതിച്ഛായയും ജനപിന്തുണയും ഉള്‍ക്കൊള്ളാന്‍ പോലും ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഭരണകക്ഷിയായ ബിജെപിയില്‍ നിന്നടക്കം 30,000 ത്തോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിവരം കോണ്‍ഗ്രസ് നേതൃത്വം തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

ത്രിപുരയിലെ ഭരണകക്ഷിയായ ബിജെപി, അവരുടെ സഖ്യക്ഷി ഐപിഎഫ്ടി, പ്രതിപക്ഷ കക്ഷിയായ സിപിഎം തുടങ്ങിയ മൂന്ന് പാര്‍ട്ടികളിലെയും നേതാക്കന്‍മാര്‍ ഉള്‍പ്പടേയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ത്രിപുരയിലെ രാജകുടുംബാംഗവും സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രദ്യോത് ബിക്രം മണിക്യ ദേബര്‍മ്മയും. ബിജെപി ഭരണത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ വികാരമാണ് നിലനില്‍ക്കുന്നതെന്നും ഇതാണ് കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്കിന് കാരണമെന്നും പ്രദ്യുദ് ദേബ് പറഞ്ഞു.

കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍, ഉയര്‍ന്ന തൊഴിലുറപ്പ് വേതനം, ഉയര്‍ന്ന സാമൂഹ്യ ക്ഷേമ പെന്‍ഷന്‍, സൗജന്യ മൊബല്‍ തുടങ്ങി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ കന്നുകാലികളെ വളര്‍ത്തി ഉപജീവനം കണ്ടെത്താനാണ് ബിജെപി ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഇതാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് വരാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.