സുരേന്ദ്രന്റെ ജയില്‍വാസം സി പി എമ്മിന്റെ ഒത്തുകളി; ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി താര പരിവേഷം സൃഷ്ടിച്ചു

Jaihind Webdesk
Sunday, December 9, 2018

കോഴിക്കോട്: യു ഡി എഫ് എംഎല്‍എയുടെ നിര്യാണം മൂലം ഒഴിവുവന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയെ വിജയിപ്പിക്കാന്‍ സി പി എം ആസൂത്രിത ഒത്തുകളി നടത്തി. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി കൂടിയായ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് വീരപരിവേഷം ഉണ്ടാക്കി കൊടുക്കാന്‍ സര്‍ക്കാറും ബി ജെ പിയിലെ വി മുരളീധര വിഭാഗവും നടത്തിയ ഒത്തുകളിയാണ് അദ്ദേഹത്തിന്റെ ജയില്‍വാസം നീളാന്‍ കാരണം.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും ജനപ്രതിനിധി മരിച്ച് ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതിനാല്‍ കേസ് വേഗത്തില്‍ തീര്‍പ്പ് കല്പിക്കാനാണ് സാധ്യത. തന്നെ വിജയിയായി പ്രഖ്യാപിക്കില്ലെന്ന് സുരേന്ദ്രന് ബോധ്യവുമുണ്ട്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമ്പോള്‍ യു ഡി എഫ് വിജയിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സി പി എമ്മും ആഗ്രഹിക്കുന്നു. അഞ്ച് കാരണം കൊണ്ടാണ് ഇത്തരമൊരു നിലപാടിലേക്ക് സി പി എം എത്തിച്ചേര്‍ന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിച്ചാല്‍ അത് ഭരണപരാജയമായി വിലയിരുത്തപ്പെടുകയും ക്ഷീണമാവുകയും ചെയ്യും; യു ഡി എഫിനെ പതിയെ ഇല്ലാതാക്കി സി പി എം-ബി ജെ പി പോരാട്ടം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചാല്‍ ഭാവിയില്‍ ഗുണം ചെയ്യും; തീവ്ര നിലപാടെടുക്കുന്ന സുരേന്ദ്രനെ ജയിലിടുന്നത് വഴി ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാന്‍ സാധിക്കും; രാഷ്ട്രീയത്തിന് ഉപരിയായി ഒരുവിഭാഗം ശബരിമല വിശ്വാസികളുടെ പിന്തുണ സുരേന്ദ്രനിലേക്ക് കേന്ദ്രീകരിക്കും; സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സാഹചര്യത്തില്‍ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ മഞ്ചേശ്വരം ഫലം അതിനെ സ്വാധീനിക്കും.

അത് ഒഴിവാക്കണം. ഇക്കാരണത്താല്‍ ബി ജെ പിയില്‍ വി മുരളീധരന്‍ പക്ഷവുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു. ശബരിമലയിലേക്കുള്ള യാത്രാ മധ്യേ അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക് പോലും ജാമ്യം ലഭിച്ചപ്പോഴാണ് സുരേന്ദ്രന്‍ മൂന്നാഴ്ച ജയിലില്‍ കഴിഞ്ഞത്. നിരവധി വര്‍ഗീയ-വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും ശശികലയ്‌ക്കെതിരെ കേസ് നിലവിലുണ്ട്. അവയൊന്നും പൊടിതട്ടി എടുക്കാന്‍ ശശികല അറസ്റ്റിലായ ശേഷം സര്‍ക്കാര്‍ തയ്യാറായില്ല. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലവിലുണ്ടെങ്കിലും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല.

ഇതിനിടെയാണ് പഴയ കേസുകള്‍ പൊടിതട്ടിയെടുത്തുള്‍പ്പെടെ സര്‍ക്കാര്‍ കോടതിയില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. പുറമെ ഇത് സുരേന്ദ്രനെതിരായ നിലപാടാണെന്ന് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ സുരേന്ദ്രനെ സഹായിക്കുകയായിരുന്നു. സുരേന്ദ്രനുവേണ്ടി ചില മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും രംഗത്തിറക്കാനും അനുയായികള്‍ക്ക് സാധിച്ചു.

വിശ്വാസികള്‍ക്കും പ്രസ്ഥാനത്തിനും വേണ്ടി ജയിലില്‍ കിടന്നു എന്ന വിധത്തിലാണ് പ്രചാരണം നടന്നതും പുറത്ത് സ്വീകരണം ലഭിച്ചതും. സുരേന്ദ്രന്‍ ആഗ്രഹിച്ചത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുക്കുകയായിരുന്നു. താന്‍ സംസ്ഥാന പ്രസിഡന്റ് പദവി ലക്ഷ്യമിടുന്നില്ലെന്ന് പ്രഖ്യാപിക്കുക വഴി പാര്‍ട്ടിയിലെ എതിര്‍ വിഭാഗത്തിന്റെ കൂടി പിന്തുണ ഉറപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. സുരേന്ദ്രന്റെ യഥാര്‍ത്ഥ ലക്ഷ്യം മഞ്ചേശ്വരമാണെന്നിരിക്കെയാണ് ആത്മഹത്യാപരമായ രാഷ്ട്രീയ നിലപാട് സി പി എം എടുത്തത്.