ബി.ജെ.പിയെ സഹിക്കാന്‍ വയ്യ; മഹരാഷ്ട്ര ശിവസേനയില്‍ കൂട്ടരാജി

Jaihind Webdesk
Thursday, October 10, 2019

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലി ശിവസേനയിൽ പൊട്ടിത്തെറി. 26 കൗണ്സിലര്മാരും, 300ഓളം പ്രവർത്തകരും അധ്യക്ഷന്‍ ഉദ്ധവ് താക്കറക്ക് രാജിക്കത്ത് നൽകി. സീറ്റ് വിഭജനത്തിൽ ശിവസേനയെ അവഗണിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം അനര്‍ഹര്‍ക്ക് നല്‍കിയെന്നും ആരോപിച്ചാണ് നീക്കം.

പാര്‍ട്ടിയുടെ വിമത സ്ഥാനാര്‍ത്ഥി ധനഞ്ജയ് ബോഡാരെയുടെ പിന്തുണയോട് കൂടിയാണ് പ്രവര്‍ത്തകരുടെ രാജി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗണപത് ഗെയ്ക്ക്വാഡിനെ പിന്തുണക്കുന്ന പാര്‍ട്ടി തീരുമാനത്തില്‍ പ്രവര്‍ത്തകര്‍ അതൃപ്തി അറിയിച്ചിരുന്നു. ബി.ജെ.പി മത്സരിക്കുന്ന ഈ സീറ്റിലേക്ക് ശിവസേനയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതാക്കളുടെ താല്‍പ്പര്യം.

288 നിയമസഭാ സീറ്റിലേക്കുള്ള മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 നാണ് നടക്കുന്നത്.
ശിവസേന 124 സീറ്റിലും ബി.ജെ.പി 150 സീറ്റിലും മത്സരിക്കാനാണ് ധാരണ. 14 സീറ്റുകളില്‍ മറ്റ് സഖ്യകക്ഷികളും മത്സരിക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ശിവസേനയും ബി.ജെ.പിയും സഖ്യം അവസാനിപ്പിച്ചിരുന്നു.