കള്ളനോട്ടുമായി മുമ്പ് രണ്ട് തവണ അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകന്‍ മൂന്നാമതും പിടിയില്‍

Jaihind News Bureau
Thursday, November 28, 2019

കള്ളനോട്ടുമായി മുമ്പ് രണ്ട് തവണ അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഏരാശേരി രാഗേഷാണ് ലക്ഷങ്ങളുടെ വ്യാജനോട്ടുമായി അറസ്‌റ്റിലായത്. അന്തിക്കാട് പോലീസാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. 53. 46 ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഇത്തവണ പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കൈവശമുണ്ടായിരുന്ന 40 ലക്ഷത്തിന്‍റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്‍റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും പൊലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് രാകേഷിന് മൂന്നാം തവണയും പിടി വീണത്.

ബി.ജെ.പി പ്രവര്‍ത്തകനും യുവമോർച്ചയുടെ ശ്രീനാരായണപുരം കിഴക്കൻ മേഖലാ ഭാരവാഹിയുമായ ഏരാച്ചേരി രാഗേഷ്‌ 2017 ലാണ് കള്ളനോട്ട് കേസിൽ ആദ്യം പിടിയിലായത്  ഇയാളുടെ സഹോദരനും അന്ന് പിടിയിലായിരുന്നു. പലിശയ്ക്ക് പണം കൊടുക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് ഇയാളുടെ വീട്ടില്‍ കള്ളനോട്ടടിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെയുണ്ടായ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയതുമായിരുന്നു. ദേശീയതലത്തില്‍ പോലും സംഭവം ചർച്ചയായതോടെ രാഗേഷിനും സഹോദരനുമെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പി നിർബന്ധിതമായിരുന്നു. ആദ്യത്തെ തവണ പിടിയിലായതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ രാഗേഷ് പൊലീസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. രണ്ടാമത്തെ തവണ കോഴിക്കോട് ഓമശേരിയിൽ വെച്ച് കൊടുവള്ളി പോലീസായിരുന്നു ഇയാളെ കള്ളനോട്ടുമായി അറസ്റ്റ് ചെയ്ത്.