യുവതിയെ ആക്രമിച്ച് കാട്ടുപോത്ത്, രക്ഷകനായി ടെമ്പോ ഡ്രൈവര്‍; വന്യമൃഗശല്യം രൂക്ഷമായിട്ടും കണ്ണടച്ച് വനംവകുപ്പ് | Video Story

ഇടുക്കി:  മറയൂര്‍-കാന്തല്ലൂര്‍ റോഡില്‍ ഇരുചക്രവാഹന യാത്രികയായ യുവതിക്കുനേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ടെമ്പൊ ഡ്രൈവര്‍ സാഹസികമായി ഇടപെട്ട് യുവതിയെ രക്ഷപെടുത്തി. വന്യമൃഗശല്യത്താല്‍ ജീവന് ഭീഷണിയായി മാറുകയാണ് മറയൂര്‍-കാന്തല്ലൂര്‍ റോഡ്. ഇരുപതോളം പേരാണ് ഭാഗ്യത്തിന്‍റെ ആനുകൂല്യത്തില്‍ ഇവിടെ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇത്രയും സംഭവങ്ങളുണ്ടായിട്ടും വിഷയം ഗൗരവത്തിലെടുക്കാന്‍ വനംവകുപ്പ് അധികൃതർ തയാറാവുന്നില്ല.

പയസ്‌നഗര്‍ സ്വദേശിനിയും ഈസാഫ് ജീവനക്കാരിയുമായ ഷംല ബേബിക്കുനേരെയാണ് ഇന്നലെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടുകൂടി വെട്ടുകാട് ഭാഗത്തുവെച്ച് റോഡിന് അരുകിലെ പൊന്തക്കാടിനുള്ളില്‍ നിന്നും അപ്രതീക്ഷിതമായി പാഞ്ഞടുത്ത കാട്ടുപോത്ത് സ്കൂട്ടറിന് പിന്നാലെ പാഞ്ഞെത്തുകയായിരുന്നു. ഈ സമയം എതിരെ മറയൂരില്‍ നിന്നും കാന്തല്ലൂരിലേക്ക് ഇഷ്ടിക ലോഡുമായി സഞ്ചരിച്ചിരുന്ന ടെമ്പൊ ഡ്രൈവര്‍ കാന്തല്ലൂര്‍ സ്വദേശി സുരേഷ് കാട്ടുപോത്തിനും ഷംലക്കുമിടയിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. കാട്ടുപോത്ത് പാഞ്ഞ് വന്ന് ഇടിച്ചതില്‍ ടെമ്പോയുടെ ഒരുവശത്തിന് കേടുപാട് പറ്റിയെങ്കിലും ഷംലയുടെ ജീവന്‍ രക്ഷിക്കാനായി. നാളുകളായി ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്.

കഴിഞ്ഞ ദിവസം കീഴാന്തൂര്‍ സ്വദേശി രാജുവിന്‍റെ വീട്ടില്‍ കാട്ടാനക്കൂട്ടം എത്തി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. രാത്രിയോടെ രാജുവിന്‍റെ വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും വീട്ടിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പും തകര്‍ത്തു.

മറയൂർ-കാന്തല്ലൂര്‍ റോഡിൽ  വെട്ടുകാട് മുതല്‍ ശിവന്‍പന്തി വരെ വന്യമൃഗങ്ങള്‍ യാത്രികരുടെ ജീവന് ഭീഷണിയായി തുരുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കാന്‍ വനംവകുപ്പ് തയാറാവുന്നില്ല. ഈ പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ആന, കാട്ടുപോത്ത് പോലുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടത് ഇരുപതോളം പേരാണ്.

https://www.youtube.com/watch?v=Y_9oWnGYuQk

MarayoorKanthalloorbison attack
Comments (0)
Add Comment