കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായും ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിഞ്ഞതായും കന്യാസ്ത്രീയുടെ പരാതി ശരിയാണെന്ന് ബോധ്യമായതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം പാലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന. പാലാ കോടതി പരിസരത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
ജൂണ്‍ 28നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 86 ദിവസങ്ങള്‍ക്ക് ശേഷമാണ് ബിഷപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ലൈംഗികപീഡനക്കേസില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത്.
ഇന്നലെ ഏഴ് മണിക്കൂർ അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘത്തലവൻ എസ്.പി ഹരിശങ്കറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.