ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകും

Jaihind Webdesk
Friday, May 10, 2019

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകും. പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് സമൻസ് ഉത്തരവ്. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകർപ്പു നൽകിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും.

കഴിഞ്ഞ സെപ്റ്റംബർ 21 നാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്.

9 മാസത്തെ അന്വേഷണത്തിന് ശേഷം വൈക്കം ഡിവൈ.എസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 80 പേജുകളുള്ള കുറ്റപത്രത്തിൽ മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളുടെ മൊഴികളും 10 പേരുടെ രഹസ്യമൊഴിയും കോടതിയിൽ സമർപ്പിച്ചു. കർദിനാളിന് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും 7 മജിസ്ട്രേട്ടുമാരും പ്രധാന സാക്ഷികളാണ്. ലാപ്‌ടോപ്, മൊബൈൽ ഫോൺ, സന്ദർശക രജിസ്റ്റർ ഉൾപ്പെടെ 5 വസ്തുക്കളും തെളിവായി ഹാജരാക്കിയിരുന്നു. ഇന്ന് പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്ന ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം നീട്ടി ലഭിക്കാൻ അപേക്ഷ നൽകും. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകർപ്പു നൽകിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും.