പക്ഷിപ്പനി പടരുന്ന ആലപ്പുഴയിലും കോട്ടയത്തും പ്രതിരോധ നടപടികൾ ഇന്നുമുതൽ; 35,000ത്തോളം വളർത്തു പക്ഷികളെ കൊന്നൊടുക്കും

Jaihind News Bureau
Tuesday, January 5, 2021

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിലും കോട്ടയത്തും പ്രതിരോധ നടപടികളുടെ ഭാഗമായി വളർത്തുപക്ഷികളെ കൊന്നൊടുക്കും. പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകൾക്ക് പുറമെ ഒരു കീലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയും കൊല്ലും. കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരമായിരിക്കും നടപടി.

ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെയാണ് കൊല്ലുക. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കോട്ടയം നീണ്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലുമാണ്
പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിൽ 34602 പക്ഷികളെയും കോട്ടയത്ത് 3000 പക്ഷികളെയും കൊന്നൊടുക്കും.

പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകൾക്ക് പുറമെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശപ്രകാരമായിരിക്കും നടപടി. വൈറസ് മനുഷ്യരിലേക്ക് പടരാൻ സാധ്യതയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാൻ ആരോഗ്യവകുപ്പ് സർവേ നടത്തുന്നുണ്ട്.

ആലപ്പുഴയിലെ കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വളത്തിനായി കാഷ്ടം വിൽക്കുന്നതും നിരോധിച്ചു. അതേസമയം പക്ഷിപ്പനിയിൽ ജനങ്ങളിലുണ്ടായ ആശങ്കയകറ്റാൻ നടപടി സ്വീകരിക്കണമെന്ന് കേരള പൌൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.