പക്ഷിപ്പനി: കോഴിക്കോട് ജില്ലയിൽ പക്ഷികളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും; ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ

 

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പക്ഷികളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. വീട്ടുടമസ്ഥർ പ്രതിരോധ പ്രവർത്തകരെ അറിയിക്കാതെ മാറ്റി സൂക്ഷിച്ച പക്ഷികളെ കണ്ടെത്തി കൊല്ലുന്ന പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുക. ഇന്നലെ ജില്ലയിൽ 1075 പക്ഷികളെ ഇല്ലാതാക്കി. അതേസമയം കോഴികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലും കൊടിയത്തൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പക്ഷികളെ കൊലപ്പെടുത്തുന്നത് അഞ്ചാം ദിവസവും തുടരുകയാണ്.  പക്ഷികളെ കൊലപ്പെടുത്താൻ പലരും വിസമ്മതിക്കുന്ന സാഹചര്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പലയിടത്തു നിന്നും പ്രതിരോധ പ്രവർത്തകർ അറിയാതെ പക്ഷികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതായി ആരോപണങ്ങൾ ഉയർന്നിരുന്നു.

അതേസമയം കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി മൂലം ചാവുകയും കൊല്ലേണ്ടിവരികയും ചെയ്ത കോഴികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടുമാസത്തിലധികം പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെയുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും അനുവദിക്കും. രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

വീഡിയോ സ്റ്റോറി കാണാം:

https://www.youtube.com/watch?v=PP7IuZ7we40

Comments (0)
Add Comment