ബയോവെപ്പണ്‍ പരാമര്‍ശം : ഐഷ സുല്‍ത്താന കവരത്തി പൊലീസിന് മുന്നില്‍ ഹാജരായി

കവരത്തി : ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ അയ്ഷ സുൽത്താന കവരത്തി പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകന് ഒപ്പമാണ് അയ്ഷ സുൽത്താന കവരത്തി പൊലീസിന് മുമ്പാകെ ഹാജരായത്.

ഒരു ടെലിവിഷൻ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്ട്രേറ്ററെ  ‘ബയോ വെപ്പൺ’ എന്ന് പരാമർശിച്ചതിനെതിരെ  ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് അയ്ഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി  പൊലീസ് കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച ‘ബയോ വെപ്പൺ’ ആണെന്നായിരുന്നു അയ്ഷ സുൽത്താന പറഞ്ഞ‌ത്. എന്നാൽ പ്രസ്താവന പിൻവലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ അയ്ഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്.

വ്യാഴാഴ്ച അയ്ഷ സുൽത്താനയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 20 നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചുകൊണ്ടായിരുന്നു  ഒരാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.  ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്.

Comments (0)
Add Comment