ബീഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ ശേഖരിച്ച രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിലേയ്ക്ക് അയച്ചു.
ഡി.എന്‍.എ ഫലം വന്നാല്‍ രഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് ബോംബെ പൊലീസ് അറിയിച്ചു. ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലായിരുന്നു രക്ത സാമ്പിള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ഇത് ബൈക്കുളയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഡി.എന്‍.എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്ത സാമ്പിള്‍ നല്‍കണമെന്നും ഇതിന്‍റെ പരിശോധനാഫലം രണ്ടാഴ്ചയ്ക്കകം കൈമാറണമെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഡി.എന്‍.എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.