ലൈംഗിക പീഡനപരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി തിരുവനന്തപുരത്തെത്തി. കേസിനെ നിയമപരമായി നേരിടുമെന്നും വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു.
യുവതിയുടെ പരാതിയിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തതിന് പിന്നാലെ ബിനോയ് ഒളിവിൽ പോയിരുന്നു. കേസിൽ കഴിഞ്ഞ ദിവസമാണ് മുംബൈ ദിൻഡോഷി കോടതി ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മുംബൈയിൽ എത്തിയ ബിനോയ് ജാമ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരത്ത് എത്തിയത്.
ഒരു മാസക്കാലത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് കോടതി ബിനോയ്ക്ക് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവച്ച് ആൾ ജാമ്യവും നൽകിയാണ് ബിനോയ് ജാമ്യമെടുത്തത്. പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് തയാറാകണമെന്നു കോടതിയുടെ ഉത്തരവുണ്ട്.
അതേസമയം, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്. യുവതി കോടതയിൽ സമർപ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്തയുടെ വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യത്തിൽ വിധി പറഞ്ഞത്. തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.