മകനൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷം; ബിനോയ് കോടിയേരിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതി

Jaihind Webdesk
Thursday, July 25, 2019

ബിനോയ് കോടിയേരിക്കെതിരായ ബിഹാര്‍ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ബിനോയ് യുവതിയോടൊപ്പം കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പരാതിക്കാരി പുറത്തുവിട്ടു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ചിത്രങ്ങളും വെളിപ്പെട്ടിരിക്കുന്നത്. ഇതോടെ ഇയാള്‍ക്കെതിരെയുള്ള കുരുക്കുകള്‍ മുറുകിയിരിക്കുയാണ്. യുവതിയുമായി അത്തരമൊരു ബന്ധമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നുമുള്ള വാദം അപ്രസക്തമാകുന്ന തെളിവുകളാണ് ഓരോദിവസവും പുറത്തുവരുന്നത്.

2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിയ്ക്ക് നല്‍കുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.  ഈ ചിത്രങ്ങള്‍ യുവതി നേരത്തെ കോടതിയിലും സമര്‍പ്പിച്ചിരുന്നു. യുവതി നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാന്‍ ബിനോയ് നല്‍കിയ ഹര്‍ജി കോടതി പരിഗണനയിലിരിക്കെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്.