ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും ; കസ്റ്റഡി ആവശ്യപ്പെടാന്‍ എന്‍സിബി

Jaihind News Bureau
Wednesday, November 11, 2020

 

തിരുവനന്തപുരം : ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ പന്ത്രണ്ടു ദിവസമായി  ഇ.ഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ്. കസ്റ്റഡി കാലാവധി കഴിയുന്നതിനാല്‍  ഇ.ഡി കോടതിയില്‍ ഹാജരാക്കും. ബിനീഷിന്‍റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

അതേസമയം കസ്റ്റഡി ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും കോടതിയെ സമീപിച്ചേക്കും. കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് കസ്റ്റഡി അപേക്ഷയുമായി എത്തിയിരുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്നും കോടതിയിലെത്തുമെന്നാണ് സൂചന. അനൂപ് മുഹമ്മദടക്കമുള്ള ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ ചോദ്യം ചെയ്യണെന്നാണ് എന്‍.സി.ബി. പറയുന്നത്.