ബിന്ദുവും, കനക ദുർഗയും ഒളിവിൽ താമസിച്ചത് കർണാടകയിലെ വിരാജ്പേട്ടില്‍

webdesk
Thursday, January 3, 2019

ശബരിമലയിൽ ആചാര ലംഘനം നടത്തിയ ബിന്ദുവും, കനക ദുർഗയും ഒളിവിൽ താമസിച്ചത് കർണാടകയിൽ. വിരാജ്പേട്ടിൽ ഇരുവരും ഒളിവിൽ കഴിഞ്ഞതിന്‍റെ ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ബിന്ദുവും, കനക ദുർഗയും കർണാടകയിലെ വിരാജ്പേട്ടിലെ ലോഡ്ജിൽ താമസിച്ചതിന്‍റെ തെളിവുകളാണ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചത്. വിരാജ് പേട്ടിലെ സീതാലക്ഷ്മി ലോഡ്ജിലാണ് ഇരുവരും ഒളിവിൽ കഴിഞ്ഞത്. കഴിഞ്ഞ മാസം 29 ന് വിരാജ്പേട്ടിലെ ലോഡ്ജിൽ എത്തുന്ന സി.സി ടി.വി ദൃശ്യങ്ങളാണിത്. ഇരുവരും ലോഡ്ജിലെത്തുന്നതും, മടങ്ങുന്നതുമായ ദൃശ്യങ്ങളാണ് ഇതിലുള്ളത്.

ഇരുപത്തി ഒൻപതിന് ഇവിടെയെത്തിയ ഇരുവരും മുപ്പത്തി ഒന്നിനാണ് തിരിച്ചുപോകുന്നത്. ലോഡ്ജിൽ ബിന്ദുവിന്‍റെ പേരിലാണ് റൂം എടുത്തിരിക്കുന്നത്. ആരാണ് ഇവർക്കൊപ്പം ഉണ്ടായതെന്ന് വ്യക്തമല്ല. ഇരുവരും ശബരിമലയിൽ ആദ്യതവണ ശബരിമല ദർശനം നടത്താൻ കഴിയാതെ മടങ്ങിയതിന് ശേഷം ഒളിവിൽ പോവുകയായിരുന്നു. അതിന് ശേഷം കോട്ടയത്തുനിന്ന് കണ്ണൂരിലെ പൊലീസ് ഇരുവരെയും ഒളിവിൽ കഴിയാൻ കൊണ്ടുപോയതായി ആരോപണം ഉയർന്നിരുന്നു.

ശബരിമലയിലെ ആചാരലംഘന വേളയിൽ ഇവർക്ക് എസ്കോർട്ട് പോയ കണ്ണൂർ എസ്.പിയുടെ ക്യു.ആര്‍.ടി ടീമിൽ അംഗമായ ഷിജുവാണ് താമസം ഒരുക്കിയതെന്നും സംശയിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും, മന്ത്രി ഇ.പി ജയരാജന്‍റെയും അറിവോടെയാണ് ഇരുവരെയും വിരാജ്പേട്ടിൽ താമസിപ്പിച്ചതെന്നാണ് സൂചന. ഇടതുപക്ഷവുമായി അടുപ്പമുള്ള കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും സൂചനയുണ്ട്.[yop_poll id=2]