1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ഓണ്‍ലൈനായി മാത്രം; നിർദേശവുമായി കെഎസ്ഇബി

Jaihind Webdesk
Saturday, July 23, 2022

തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി. ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓൺലൈനായി മാത്രം അടച്ചാൽ മതിയെന്ന് ഉപഭോക്താകൾക്ക് കെഎസ്ഇബി നിർദേശം നല്‍കി. അടുത്ത മാസം മുതലാണ് പുതിയ രീതിയിലേക്ക് മാറുക.

വൈദ്യുതി ചാർജ് സ്വീകരിക്കുന്നത് പൂർണ്ണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേർന്ന ബോർഡ് യോഗം നിർദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് തീരുമാനം. കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ ഡയറക്ടറാണ് ഉത്തരവിറക്കിയിരിക്കുന്നത്. എല്ലാ തരം ഉപഭോക്താക്കൾക്കും പുതിയ തീരുമാനം  ബാധകമാണ്. നിലവിൽ അമ്പത് ശതമാനത്തോളം ഉപഭോക്താക്കൾ ഓൺലൈൻ വഴിയാണ് പണം അടയ്ക്കുന്നതെന്നാണ് കണക്ക്.

പരമാവധി ഡിജിറ്റൽ ഇടപാടിനെ പ്രോത്സാഹിപ്പിക്കണമെന്ന് ഡയരക്ടർ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. 1,000 രൂപയുടെ ബില്ലടക്കാൻ കൗണ്ടറിലെത്തുന്നവർക്ക് ഒന്നോ രണ്ടോ തവണ മാത്രം ഇളവ് നൽകിയാൽ മതി. അതിനുശേഷം ഡിജിറ്റൽ മാർഗത്തിലൂടെ മാത്രമേ ബിൽ സ്വീകരിക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം 500 രൂപയുടെ ബില്ലുമായി കൗണ്ടറിലെത്തുന്നവരെയും ഘട്ടംഘട്ടമായി ഡിജിറ്റൽ രീതിയിലേക്ക് മാറ്റും. വൈകാതെ ബില്ലിടപാട് പൂർണ്ണമായും ഡിജിറ്റൽ രീതിയിലേക്ക് മാറ്റാനാണ് കെഎസ്ഇബി ആലോചിക്കുന്നത്.