ബിഹാറില്‍ മഹാസഖ്യത്തിന്‍റെ തേരോട്ടം ; നൂറുംകടന്ന് ലീഡ് നില | VIDEO

Jaihind News Bureau
Tuesday, November 10, 2020

 

പറ്റ്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്‍റെ തേരോട്ടം. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യത്തോടെയാണ് മഹാസഖ്യത്തിന്‍റെ മുന്നേറ്റം. രാവിലെ 9 മണി വരെയുള്ള ലീഡ് നില അനുസരിച്ച് മഹാസഖ്യം 123 സീറ്റിലും എൻഡിഎ 90 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് വോട്ടെണ്ണലില്‍ പ്രതിഫലിക്കുന്നത്.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇത്തവണ വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ. എൻ.ഡി.എയിൽ ജെ.ഡി.യു 115 സീറ്റിലും, ബി.ജെ.പി 110 സീറ്റിലും മുകേഷ് സഹാനിയുടെ വി.ഐ.പി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് മത്സരിച്ചത്.

നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർ.ജെ.ഡി മത്സരിക്കുമ്പോൾ കോൺ​ഗ്രസ് 70 സീറ്റിലും സി.പി.ഐ.എം.എൽ 19 സീറ്റിലും സി.പി.ഐ ആറ് സീറ്റിലും സി.പി.എം നാല് സീറ്റിലും മത്സരിക്കുന്നു.