സാലറി ചാലഞ്ചിലും സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി

Jaihind Webdesk
Monday, October 29, 2018

സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയിലും തിരിച്ചടി. പണം നൽകാൻ കഴിയാത്ത ഉദ്യോഗസ്ഥർ വിസമ്മതപത്രം നൽകണമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവെച്ചു.

സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധി കണക്കിലെടുക്കാതെയാണ് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയതെന്ന് കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ നല്‍കുന്ന പണം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ഉപയോഗിക്കുമെന്ന വിശ്വാസം ഉണ്ടാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു.  പണം നൽകാൻ കഴിയാത്തവർ അപമാനിതരാകേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം നൽകാൻ തയാറല്ലാത്ത സർക്കാർ ജീവനക്കാർ വിസമ്മതപത്രം സമർപ്പിക്കണമെന്ന സാലറി ചാലഞ്ച് ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ വ്യവസ്ഥ ജീവനക്കാരെ നിര്‍ബന്ധിക്കലാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ സംഭാവന നൽകുന്നതാകും ഉചിതമെന്നും, സംഭാവന നൽകാത്തവർ വിസമ്മതപത്രം നൽകണമെന്നു പറയുന്നത് ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ സുപ്രീം കോടതിയും ഈ നിലപാട് ശരിവെച്ചതോടെ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.