പിണറായിക്കും സി.പി.എമ്മിനും കേരളം മറുപടി നല്‍കി ; ‘കടക്ക് പുറത്ത്’

ഭരണത്തില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ സി.പി.എമ്മിനും ഇടതുമുന്നണിക്കും കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് സംസ്ഥാനത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഫലം നല്‍കിയത്. ശബരിമലയടക്കമുള്ള സമസ്ത വിഷയങ്ങളിലും സി.പി.എമ്മിന്‍റെ നയസമീപനങ്ങളോടുള്ള കടുത്ത എതിര്‍പ്പാണ് തെരെഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്.

കടക്ക് പുറത്തെന്ന പിണറായി വിജയന്‍റെ സ്ഥിരം പല്ലവിയാണ് സംസ്ഥാനത്തെ ജനങ്ങള്‍ സി.പി.എമ്മിനോടും പിണറായിയോടും തെരെഞ്ഞെടുപ്പിലൂടെ തിരിച്ചു പറഞ്ഞത്. അധികാരത്തിമിര്‍പ്പിന്‍റെ ധാര്‍ഷ്ട്യത്തിനും ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള പിണറായി വിജയന്‍റെ ഏകപക്ഷീയമായ തീരുമാനത്തിനും തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം മറുപടി നല്‍കിയതോടെ സി.പി.എം തകര്‍ന്നടിഞ്ഞു. നവോത്ഥാനവും വനിതാ മതിലും പൊളിച്ചടുക്കിയ ഫലത്തിലൂടെ അധികാരത്തില്‍ നിന്നും മാറിനില്‍ക്കങ്ങോട്ടെന്ന പ്രയോഗമാണ് കേരള ജനത നടത്തിയത്.

പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിനൊപ്പം നിന്ന വടക്കേ മലബാറും ആറ്റിങ്ങലും പാലക്കാടും യു.ഡി.എഫ് കൊടുങ്കാറ്റില്‍ നിലം പൊത്തി. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന കണ്ണൂരും കാസര്‍ഗോഡും കൈ പിടിച്ചതോടെ സി.പി.എമ്മിന്‍റെ പതനം സമ്പൂര്‍ണമായി. പെരിയയിലെ അമ്മമാരുടെ കണ്ണീരും ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ നെഞ്ച് പൊള്ളിച്ചതും സി.പി.എം വോട്ടുകളുടെ ഗണ്യമായ ചോര്‍ച്ചയ്ക്ക് വഴിവെച്ചു.

പ്രളയത്തില്‍ ഒറ്റക്കെട്ടായി നിന്ന കേരളസമൂഹത്തെ ശബരിമല യുവതീപ്രവേശനത്തിലൂടെ വേര്‍തിരിച്ച പിണറായിയും ഇടതുപക്ഷവും വിതച്ചത് കൊയ്യുകയായിരുന്നു. പ്രളയ ബാധിതര്‍ക്ക് വേണ്ടത്ര സഹായം നല്‍കാതെ അധികാര ദുര്‍വിനിയോഗവും അഴിമതിയും ധൂര്‍ത്തും തുടര്‍ന്ന സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തായി തെരെഞ്ഞെടുപ്പ് ഫലം മാറിയതോടെ സംഘനാപാരമായും സി.പി.എമ്മിന്‍റെ നില പരുങ്ങലിലായി.

CM Pinarayi Vijayan
Comments (0)
Add Comment