വന്‍കിട പദ്ധതികള്‍ ടെന്‍ഡർ പോലുമില്ലാതെ ഊരാളുങ്കലിന് ; പിന്നില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരെന്ന് സ്വപ്നയുടെ മൊഴി

 

സർക്കാരിന്‍റെ വൻകിട പദ്ധതികൾ ടെൻഡർ പോലുമില്ലാതെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നല്‍കുന്നതിന് പിന്നിലും മുഖ്യമന്ത്രിയുടെ വിശ്വസ്തരെന്ന് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമാണ് ഇതിന് പിന്നിലെന്ന് ഇഡിക്ക് നല്‍കിയ മൊഴിയില്‍ സ്വപ്ന പറയുന്നു.

ഇത്തരത്തില്‍ ഊരാളുങ്കലിന് വന്‍കിട പദ്ധതികളുടെ കരാർ നല്‍കുന്നതിന്  ഇരുവർക്കും ബിനാമി പേരുകളിൽ വൻ കോഴ കിട്ടുന്നുണ്ടെന്നും മൊഴിയിലുണ്ട്. എം ശിവശങ്കറും ടീമും ചെയ്യുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോടെ അറിവോടെയാണെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരവും സ്വാധീനവുമുള്ള വ്യക്തികളാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം ശിവശങ്കറും സി.എം രവീന്ദ്രനും. താൻ ചെയ്യുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയുടെയും രവീന്ദ്രന്‍റെയും അറിവോടെയാണെന്ന് ഒരിക്കൽ ശിവശങ്കർ പറഞ്ഞിട്ടുണ്ടെന്ന് സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

നയതന്ത്ര ബാഗേജ് വഴി സ്വർണവും ഇലക്ട്രോണിക് സാധനങ്ങളും കടത്തുന്നതിനെക്കുറിച്ചു ശിവശങ്കറിന്‍റെ ടീമിന് അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്ത്, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ്, റെസി ജോർജ് എന്നിവരാണ് ഈ ടീം എന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചുള്ള കേസ് റദ്ദാക്കാൻ എന്‍ഫോഴ്സ്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഈ മൊഴി ഉൾപ്പെടെയുള്ള രേഖകൾ കോടതിക്ക് കൈമാറിയത്..

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മന്ത്രിസഭായോഗങ്ങളില്‍ പ്രത്യേക വിഷയമായി പരിഗണിച്ച് ഊരാളുങ്കലിന് നിയമം കാറ്റില്‍പ്പറത്തി പല കരാറുകളും നല്‍കിയത്. ഊരാളുങ്കല്‍ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിക്ക്  വേണ്ടി പിണറായി സർക്കാർ പല കരാറുകളും നല്‍കിയത് വഴിവിട്ടാണെന്ന് സിഎജി റിപ്പോർട്ടുമുണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്‍റെ നിയമങ്ങളും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍റെ മാർഗനിർദ്ദേശങ്ങളും ലംഘിച്ചാണ് പല കരാറുകളും നല്‍കിയത്. 2018ല്‍ സംസ്ഥാന നിയമസഭയില്‍ സമർപ്പിച്ച സിഎജി റിപ്പോർട്ടില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സിഎജി ശുപാർശ ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ക്കെല്ലാം കൂടുതല്‍ ബലം പകരുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സ്വപ്നയുടെ മൊഴി.

Comments (0)
Add Comment