റാഞ്ചി : ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയായി ഒരാള്‍ കൂടി പാര്‍ട്ടിവിട്ടു. ബി.ജെ.പി എം.എല്‍.എ പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ ഇപ്പോള്‍ ബി.ജെ.പിയുടെ ചീഫ് വിപ്പാണ് പാര്‍ട്ടി വിട്ടത്.
ഭരണകക്ഷിയായ ബി.ജെ.പിയുടെ ചീഫ് വിപ്പ് രാധാകൃഷ്ണ കിഷോർ ചൊവ്വാഴ്ച ബി.ജെ.പി വിട്ട് ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയനില്‍ (എ.ജെ.എസ്.യു) ചേരുകയായിരുന്നു. ചത്താര്‍പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രാധാകൃഷ്ണ കിഷോര്‍. സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് കിഷോര്‍ വെളിപ്പെടുത്തി.
ബി.ജെ.പി പുറത്തുവിട്ട സാധ്യതാ പട്ടികയില്‍ രാധാകൃഷ്ണ കിഷോറിനെ പരിഗണിച്ചിരുന്നില്ല. ഇത് എന്ത് കാരണത്താലാണെന്ന് അറിയില്ലെന്നും സീറ്റ് നിഷേധിച്ചത് തന്നെയും മണ്ഡലത്തിലെ ജനങ്ങളെയും അത്ഭുതപ്പെടുത്തിയ നടപടിയാണെന്നും കിഷോര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് രാധാകൃഷ്ണ കിഷോര്‍ പാര്‍ട്ടി വിട്ടത്.
ബര്‍ഹി മുന്‍ എം.എല്‍.എയായ ഉമാശങ്കര്‍ അകേല ഞായറാഴ്ചയാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ചീഫ് വിപ്പും ബി.ജെ.പി വിടുന്നത്. 52 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചപ്പോള്‍ 10 സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് സീറ്റ് ലഭിച്ചിട്ടില്ല. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളായാണ് നടക്കുന്നത്.