യാത്രക്കാർക്ക് കെഎസ്ആർടിസി വക വീണ്ടും ഇരുട്ടടി

Jaihind Webdesk
Sunday, March 24, 2019

യാത്രക്കാർക്ക് കെഎസ്ആർടിസി വക വീണ്ടും ഇരുട്ടടി. അവധി ദിവസങ്ങളിൽ 20 ശതമാനം ബസ് സർവ്വീസുകൾ റദ്ദ് ചെയ്യാൻ മേഖലാ ഓഫീസുമാർക്ക് നിർദ്ദേശം ലഭിച്ചു. ഇതോടെ 900ത്തോളം ബസ് സർവ്വീസുകളാണ് കുറയാൻ പോകുന്നത്.

കെ.എസ്.ആർ.ടി.സി എം.ഡിയാണ് അവധി ദിവസങ്ങളിൽ 20% ബസ് സർവീസുകൾ റദ്ദ് ചെയ്യാൻ മേഖലാ ഓഫീസർമാർക്ക് നിർദേശം നൽകിയത്. അതനുസരിച്ച് മേഖലാ ഓഫീസർമാർ യൂണിറ്റ് അധികാരികൾക്ക് നിർേദശം നൽകിയിട്ടുണ്ട്. സ്ഥിരം കണ്ടക്ടർമാർ കൂടുതലായതിനാൽ എംപാനൽ കണ്ടക്ടർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത് എന്ന് വടക്കൻ മേഖലാ ഡയറക്ടറും നിർദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ ശരാശരി 4500 ബസ് സർവീസുകളാണ് നടക്കുന്നത്.

അതിൽ നിന്നും 20 ശതമാനം റദ്ദ് ചെയ്യുമ്പോൾ 900 സർവീസുകളാണ് കുറയുത്. ഇപ്പോൾ തന്നെ ബസുകളുടെ കുറവ് സംസ്ഥാനത്താകെ യാത്രാ ക്‌ളേശം വൻ തോതിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. അതിനൊപ്പമാണ് സർവീസുകൾ വീണ്ടും വീണ്ടും വെട്ടിക്കുറയ്ക്കുന്നത്. 6200 ബസുകളാണ് രേഖകളിൽ കെ.എസ്.ആർ.ടി.സിക്കുള്ളത്. 900 ബസുകൾ കട്ടപ്പുറത്താണ്. 5000 മുതൽ 5300 വരെ സർലീസുകൾ നടന്നുവന്നിരിന്നിടത്താണ് ഇപ്പോൾ 4500 സർവീസ് നടക്കുന്നത്.