‘പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണം’ ; ബി.ജെ.പിയെ വെട്ടിലാക്കി ബംഗാള്‍ ഉപാധ്യക്ഷന്‍

Jaihind News Bureau
Tuesday, January 21, 2020

പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ആവർത്തിച്ച് പശ്ചിമ ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍  ചന്ദ്ര ബോസ്.  പുതിയ പൗരത്വ നിയമത്തെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനങ്ങളില്‍ ഭയം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഭേദഗതി വരുത്തിയ പൗരത്വ നിയമപ്രകാരം മുസ്ലീങ്ങൾക്കുള്‍പ്പെടെ പൗരത്വം നൽകുമെന്ന് വ്യവസ്ഥ ചെയ്യണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.  ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ രേഖാമൂലമുള്ള വിശദീകരണം തന്നെ ജനങ്ങള്‍ക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“പൗരത്വ വിഷയത്തിൽ ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. ഇത് ഭരണകക്ഷിക്കും പ്രതിപക്ഷ പാർട്ടികൾക്കും ബാധകമാണ്.  ഈ നിയമം പാർലമെന്‍റ് പാസാക്കി എന്നതുകൊണ്ട് മാത്രം,  പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട്, ഇത്  ആളുകളിലേയ്ക്ക് ബലമായി അടിച്ചേല്‍പ്പിക്കാനാവില്ല. ” ചന്ദ്ര ബോസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം മതത്തിൽ ചില നേതാക്കളുടെ പ്രസ്താവനകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും  ബംഗാളിലെ ബിജെപിയുടെ ഉപാധ്യക്ഷനും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചെറുമകനുമായ ചന്ദ്രബോസ് പറഞ്ഞു. ഇത് കൈകാര്യം ചെയ്യുന്നതിന്, സി‌എ‌എ മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല എന്ന ഉപവാക്യം പുതിയ പൗരത്വ ഭേദഗതി നിയമത്തില്‍  ഉൾപ്പെടുത്തണമെന്ന് താൻ കരുതുന്നുവെന്നും മുസ്ലിങ്ങളെയും അതിൽ ഉൾപ്പെടുത്തണമെന്നും  ചന്ദ്രബോസ് ആവശ്യപ്പെട്ടു.

മുസ്ലീങ്ങളെ സി‌എ‌എയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ബോസ് നേരത്തെയും ശബ്ദം ഉയർത്തിയിരുന്നു. സി‌എ‌എ 2019 ഒരു മതവുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിൽ പിന്നെ നമ്മൾ എന്തിനാണ് ഹിന്ദു, സിഖ്, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, പാഴ്സികൾ, ജൈനന്മാർ എന്നിവരെക്കുറിച്ച്  മാത്രം പരാമർശിക്കുന്നത്…? എന്തുകൊണ്ടാണ് മുസ്ലീങ്ങളെയും ഉൾപ്പെടുത്താത്തത്? എല്ലാം സുതാര്യമായിരിക്കട്ടെ,” എന്ന് അദ്ദേഹം കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.   “ഇന്ത്യയെ തുലനം ചെയ്യുകയോ താരതമ്യം ചെയ്യുകയോ ചെയ്യരുത് – ഇത് എല്ലാ മതങ്ങൾക്കും സമുദായങ്ങൾക്കുമായി തുറന്നിട്ടിരിക്കുന്നൊരു രാജ്യമാണ്,” അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.