കണ്ണീരോടെ വിട നല്‍കി നാട്; അവസാന നോക്കുകാണാൻ ആയിരങ്ങൾ ഒഴുകിയെത്തി, തുമ്പനാട് ജുമാ മസ്ജിദിൽ അന്ത്യനിദ്ര

 

പാലക്കാട്: പനയമ്പാടത്ത് ലോറി അപകടത്തിൽ മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെൺകുട്ടികളെ ഖബറടക്കിയത്. വിദ്യാർത്ഥികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്.

എപ്പോഴും ഒരുമിച്ചായിരുന്ന കൂട്ടുകാരികള്‍ അവസാന യാത്ര പോകുന്നതും ഒന്നിച്ചാണ്. ഒരേ ക്ലാസിലിരുന്നവര്‍ തുപ്പനാട് ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി ഒരുമിച്ചുറങ്ങും. ഇനിയൊരിക്കലും ആ കളിചിരികള്‍ ഉണ്ടാകില്ല. ഉറ്റവര്‍ക്ക് ഒരു തീരാനൊമ്പരമായി ഓര്‍മകളില്‍ അവര്‍ ജീവിക്കും. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നിവരാണ് നിയന്ത്രണം വിട്ട സിമന്‍റ് ലോറി പാഞ്ഞുകയറി ദാരുണമായി മരിച്ചത്.

നാല് വിദ്യാർഥികളുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം പുലർച്ചെ അഞ്ചരയോടെ ബന്ധുകൾക്ക് വിട്ട് നൽകി. തുടര്‍ന്ന് വീടുകളിലെത്തിച്ചു. 8 മണിയോടെ മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. പെൺകുട്ടികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്.

കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സഹപാഠികളും – സുഹൃത്തുക്കളും ബന്ധുക്കളും അധ്യാപകരുമെല്ലാം വിങ്ങിപ്പൊട്ടി. എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും പ്രയാസപ്പെട്ടു.

MLA രാഹുൽ മാങ്കൂട്ടത്തിൽ, മന്ത്രിമാരായ M.B, രാജേഷ്, കെ. കൃഷ്ണൻ കുട്ടി, ജില്ല കളക്ടർ ഡോ.എസ്.ചിത്ര എന്നിവരും നേരിട്ടെത്തി അനുശോചനമറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്വം നൽകി. പി. കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളും ഹാളിലെത്തിയിരുന്നു. തുടർന്ന് പത്തേകാലോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹങ്ങൾ തുമ്പനാട് ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. മയ്യിത്ത് നമസ്കാരത്തിന് ശേഷം തൊട്ടടുത്ത ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. ചടങ്ങുകൾ പതിനൊന്നരയോടെ പൂർത്തിയായി.

Comments (0)
Add Comment