ഇരട്ടക്കുട്ടികളെ കല്ലുകെട്ടി യമുനയില്‍ താഴ്ത്തിയത് ബിജെപി- ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍

Jaihind Webdesk
Tuesday, February 26, 2019

ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ബജ്‌റംഗ്ദളിന്റെ പ്രവര്‍ത്തകനെന്ന് മധ്യപ്രദേശ് പോലീസ്. ബജ്‌റംഗ്ദളിന്റെ മേഖലാ സംഘാടകനായ വിഷ്ണുകാന്ത് ശുക്ലയാണ് തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രകനെന്ന് റേവ ഐജി ചഞ്ചല്‍ ശേഖര്‍ പറഞ്ഞു. ഫെബ്രുവരി 12ന് ചിത്രകൂട്ട് ജില്ലയില്‍ സ്‌കൂള്‍വളപ്പിനുള്ളില്‍ ബസില്‍നിന്ന് തോക്കുചൂണ്ടിയാണ് ഇരട്ടക്കുട്ടികളെ തട്ടിയെടുത്തത്. ഇവരുടെ മൃതദേഹം ഞായറാഴ്ച യുപിയിലെ ബാന്‍ഡയിലുള്ള നദിയില്‍നിന്നു കണ്ടെടുത്തു. എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്റെ ആറു വയസ്സുള്ള ഇരട്ടക്കുട്ടികളായ ശ്രേയാന്‍ഷ്, പ്രിയന്‍ഷ് എന്നിവരാണു കൊല്ലപ്പെട്ടത്.

കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുഖ്യ ആസൂത്രകനാണെങ്കിലും ഇയാള്‍ നേരിട്ടു കൃത്യത്തില്‍ പങ്കെടുത്തില്ല. ഇയാളുടെ മുതിര്‍ന്ന സഹോദരന്‍ പദ്മ ശുക്ലയാണു തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നല്‍കിയത്. കൃത്യത്തിനുപയോഗിച്ച കാറും ബൈക്കും കണ്ടെടുത്തിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ ‘രാമരാജ്യം’ എന്ന് എഴുതിയിട്ടുണ്ടെന്നും കാറില്‍ ബിജെപിയുടെ പതാക ഉണ്ടെന്നും പോലീസ് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യുപിയില്‍നിന്നുള്ള 5 പേരും (രാജു ദ്വിവേദി, ലക്കി തോമര്‍, രോഹിത് ദ്വിവേദി, രാംകേഷ് യാദവ്, പിന്റു രാമസ്വരൂപ് യാദവ്) മധ്യപ്രദേശില്‍നിന്നുള്ള ഒരാളുമാണ് (പദ്മ ശുക്ല) പിടിയിലായിരിക്കുന്നത്. എല്ലാവരും 20 വയസ്സിനോടടുത്ത് പ്രായമുള്ളവരാണ്.

സദ്ഗുരു പബ്ലിക് സ്‌കൂളിന്റെ ബസ് സ്‌കൂളില്‍നിന്നു വിടാന്‍ തുടങ്ങുമ്പോഴാണ് മുഖംമൂടി ധരിച്ച രണ്ട് പേര്‍ തദ്ദേശീയമായി നിര്‍മിച്ച തോക്കുചൂണ്ടി കുട്ടികളെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ കുടുംബവുമായി പരിചയമുള്ള ഒരാള്‍ക്കു ബന്ധമുണ്ടെന്ന സംശയം പോലീസ് നേരത്തേ ഉന്നയിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതിനുശേഷമാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.

രാംകേഷ് യാദവ് ആണ് കുട്ടികളെ ട്യൂഷനെടുത്തിരുന്നത്. വ്യാപാരിയായ പിതാവ് റാവത്തിന്റെ കൈവശം ധാരാളം പണമുണ്ടെന്ന് സംഘാംഗങ്ങളെ അറിയിച്ചത് രാംകേഷ് ആണെന്ന് പോലീസ് അറിയിച്ചു. ആദ്യം 20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ചോദിച്ചത്. ഇതു നല്‍കിയതോടെ ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് കുട്ടികളെ വധിച്ചതെന്നാണു നിഗമനം.
മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവിനെ പ്രതികള്‍ വിളിച്ചത് പല ഫോണുകളില്‍നിന്നാണ്. വഴിയാത്രക്കാരായ പലരുടെയും ഫോണില്‍നിന്നാണ് ഈ വിളികള്‍ വന്നിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്കു പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ അടക്കം ഫോട്ടോ എടുത്തു പോലീസിന് നല്‍കുകയായിരുന്നു. ഇതുവഴിയാണു രാജു ദ്വിവേദിയെ അറസ്റ്റ് ചെയ്തത്. പദ്മയും ലക്കിയുമാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി തയാറാക്കിയതെന്ന് രാജു പോലീസിനോടു പറഞ്ഞു. തിരിച്ചറിയുമെന്ന ഭീതിയില്‍ ഇവര്‍ ഇരുവരും ചേര്‍ന്നാണ് കുട്ടികളെ നദിയില്‍ കൊണ്ടിട്ടതെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇരട്ടക്കുട്ടികളെ പരസ്പരം ബന്ധിച്ച് വലിയ കല്ലുകള്‍കൊണ്ട് കൂട്ടിക്കെട്ടിയാണു യമുന നദിയില്‍ ഒഴുക്കിയതെന്നു പോലീസ് അറിയിച്ചു. കുട്ടികളെ മര്‍ദ്ദിച്ചിരുന്നോയെന്ന വിവരം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ അറിയാനാകൂ. ബാന്‍ഡയിലാണു പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
കുട്ടികളുടെ പിതാവുമായി സംസാരിച്ചെന്നും സംഭവത്തിനു പിന്നിലെ രാഷ്ട്രീയം പുറത്തുകൊണ്ടുവരുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചു.
ആരുടെ പതാകയാണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തില്‍ കണ്ടെത്തിയെന്നതുള്‍പ്പെടെ എല്ലാം പോലീസ് പരിശോധിക്കും.
തങ്ങളുടെ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതുകൊണ്ടു പ്രതിപക്ഷം ഭയന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികളില്‍ ചിലര്‍ ബിജെപി നേതാക്കളുടെയൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.