ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയിലേക്ക് മാറ്റി; വീട്ടില്‍ ഇഡി പരിശോധന

 

കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ സിപിഐ നേതാവും ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റുമായ എൻ. ഭാസുരാംഗനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജയിലിൽ വെച്ചാണ് റിമാന്‍ഡില്‍ കഴിയുന്ന ഭാസുരാംഗന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്നാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റിയത്. ഭാസുരാംഗന്‍റെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് പ്രതിഭാഗം ഇന്നലെ കോടതിയെ ബോധിപ്പിച്ചിരുന്നു. ശാരീരിക അവശതകളുണ്ടെങ്കിൽ ചികിത്സ ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചിരുന്നു.

ഭാസുരാംഗന്‍റെ മാറനെല്ലൂരിലെ വീട്ടിൽ ഇഡി പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചയോടെയാണ് വീട്ടില്‍ പരിശോധന ആരംഭിച്ചത്. നേരത്തെ പരിശോധനയ്ക്ക് ശേഷം വീട് സീല്‍ ചെയ്തിരുന്നു.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കോടതി ഇന്നലെയാണ് കേസില്‍ അറസ്റ്റിലായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും അടുത്തമാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തത്. കണ്ടല ബാങ്കിൽ നടന്നത് സംഘടിത കുറ്റകൃത്യമാണെന്ന് ഇഡി വിചാരണക്കോടതിയെ അറിയിച്ചു. ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെക്കുറിച്ചും ആസ്തികളെക്കുറിച്ചും വെളിപ്പെടുത്തുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇഡി ചൂണ്ടിക്കാട്ടി. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബിനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസഹകരണം മൂലം ബാങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോർട്ടിലുണ്ട്. തട്ടിപ്പിൽ ലഭിച്ച പണം എന്തുചെയ്തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

Comments (0)
Add Comment