കേരളത്തില്‍ ഇന്നും ജാതി വിവേചനം നിലനില്‍ക്കുന്നത് അപമാനകരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

വിദ്യാഭ്യാസവും സാമൂഹ്യ മുന്നേറ്റവും ഉണ്ടായിട്ടും കേരളത്തിൽ ഇന്നും ജാതി വിവേചനം നിലനിൽക്കുന്നത് അപമാനകരമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജാതി വിവേചനങ്ങൾക്ക് എതിരെ പോരാട്ടം ശക്തമാക്കാന്‍ പൊതു സമൂഹം തയാറാകണം. വിവേചനങ്ങൾ നിലനിൽക്കുന്നതുകൊണ്ട് രാജ്യത്ത് പൂർണമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍.

ഡോക്ടർ അംബേദ്കറുടെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളാണ് ദളിത് വിഭാഗങ്ങൾക്ക് ഇന്നും കരുത്തേകുന്നത്. നിയമ പരിരക്ഷകൾ ഉണ്ടായിട്ടും പട്ടികജാതി വിഭാഗങ്ങൾക്ക് പൂർണ സംരക്ഷണം നൽകാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. അയ്യങ്കാളിയുടെ സാമൂഹ്യ സമരങ്ങൾ കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് കരുത്തേകുകയും സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി അയ്യങ്കാളി നയിച്ച വില്ലുവണ്ടി സമരം ചരിത്രത്തിൽ നാഴികക്കല്ലായി മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

പട്ടികജാതി പീഡനനിരോധനനിയമം അടക്കമുള്ള നിയമനിർമാണം കോൺഗ്രസ് സർക്കാരുകളുടെ സംഭാവനയാണെന്നും ദളിതരെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് എക്കാലവും കൈപിടിച്ചുയർത്തിയത് കോൺഗ്രസ് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് കെ വിദ്യാധരൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ഭാരവാഹികളായ കെ.ബി ബാബുരാജ്, എൻ.ജെ പ്രസാദ്, എൻ.കെ അനിൽകുമാർ, എം.കെ പുരുഷോത്തമൻ തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.

kpccmullappally ramachandranBharatiya Dalit Congress
Comments (0)
Add Comment