ഭാരത് ജോഡോ ന്യായ് യാത്ര; ലോഗോ പ്രകാശനം ചെയ്തു, ടീസറും പുറത്തിറക്കി

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്കൊപ്പമാണ് കോൺഗ്രസ് എന്നും നിലകൊള്ളുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലിഗാർജുൻ ഖാർഗെ. ഇന്ത്യയിലെ ദുർബല വിഭാഗങ്ങളെ ഒന്നിപ്പിക്കുകയാണ് ഭാരത്ജോഡോ ന്യായ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുമായിരുന്നു നേതാക്കൾ.

ജനുവരി 14ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ രാഷ്ട്രീയ അജണ്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അവതരിപ്പിച്ചു. യാത്രയുടെ സന്ദേശം വിളിച്ചോതുന്ന വീഡിയോ മല്ലികാർജുന്‍ ഖാർഗെയും ജയറാം രമേശും കെ സി വേണുഗോപാലും ചേർന്ന് പ്രകാശനം ചെയ്തു.

യാത്ര 110 ജില്ലകളിലും 100 ലോക്‌സഭാ സീറ്റുകളിലും 337 നിയമസഭാ മണ്ഡലങ്ങളിലും എത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2024 ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര മണിപ്പൂരിലെ ഇംഫാൽ മുതൽ മുംബൈ വരെ 6,700 കിലോമീറ്റർ സഞ്ചരിക്കും. “യാത്ര ഇന്ത്യക്കാരുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ആശങ്കകൾ ഉയർത്തും,” നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള  പ്രതിഷേധം ആയിരിക്കും ഈ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതൊരു രാഷ്ട്രീയ യാത്ര അല്ലെന്നും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കി. ഒന്നാം ഭാരത് ജോഡോ യാത്രയുടെ വിജയം രണ്ടാം ഭാരത് ജോഡോ ന്യായ് യാത്രയിലും ആവർത്തിക്കുക തന്നെ ചെയ്യും. കാരണം ഇത് ഇന്ത്യയെ ഒന്നിപ്പിക്കാൻ വേണ്ടിയുള്ള യാത്രയാണ്. ജനങ്ങളുടെ ആശങ്കകൾ കേട്ട് ജനങ്ങളോടൊപ്പം സഞ്ചരിക്കുകയാണ് നേതാക്കൾ.

Comments (0)
Add Comment