കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭത്തിന്‍റെ കൊടുങ്കാറ്റായി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്‍റെ ഭാരത് ബച്ചാവോ റാലി. തന്‍റെ പിതാവിന്‍റെ രക്തം വീണ മണ്ണാണിതെന്നും എന്നാല്‍ ഇപ്പോൾ ഈ രാജ്യം ആപത്തിലാണെന്നും ഇന്ത്യ ഹിംസയുടെ നാടായി മാറിയെന്നും പ്രിയങ്ക ഗാന്ധി.
ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് നയിക്കുന്ന ഭാരത് ബച്ചാവോ റാലിയ്ക്ക് പിന്തുണയുമായി ലക്ഷക്കണക്കിന് പ്രവർത്തകരാണ് രാംലീല മൈതാനിയിൽ എത്തിയത്. പൗരത്വ ഭേദഗതി ബിൽ, സ്ത്രീ സുരക്ഷ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രക്ഷോഭം.
തന്‍റെ പിതാവിന്‍റെ രക്തം വീണ മണ്ണ് ഇപ്പോൾ ആപത്തിലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ത്യ ഹിംസയുടെ നാടായി മാറിയെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സ്‌നേഹവും സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. അഹിംസയുടെയും സാഹോദര്യത്തിന്‍റെയും സ്‌നേഹത്തിന്‍റെയും രാഷ്ട്രമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും നീതി ലഭ്യമാക്കേണ്ടത് നമ്മുടെ അവകാശമാണെന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അക്രമം നടക്കുമ്പോൾ കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുന്നു. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കണമെന്നും അതിന് വേണ്ടിയാണ് പോരാട്ടമെന്നും പ്രിയങ്ക പറഞ്ഞു.
https://youtu.be/DRqKQKmrnuk